“ഇന്ന് കൊച്ചിയിൽ ഞാൻ എത്തുന്നു നിങ്ങളെ കാണാൻ” ; മലയാളം പറഞ്ഞ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ

April 20, 2023

മലയാളികൾക്കിടയിൽ തമിഴ് സിനിമയ്ക്കും താരങ്ങൾക്കും എന്നും ആരാധകർ ഏറെയാണ്. അത്തരത്തിൽ തന്റെ ഹൃദ്യമായ പുഞ്ചിരികൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ നെഞ്ചിൽ ഇടം നേടിയ താരമാണ് ജയം രവി. നിഷ്കളങ്കനായ നായക കഥാപാത്രങ്ങളിലൂടെ എന്നും ഏവരുടെയും മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ ഈ താരത്തിനായി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിൽ നായകകഥാപാത്രമായാണ് ജയം രവി ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിലേക്കെത്തുന്നത്.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

ജയം രവി തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രം മലയാളി ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ചിത്രത്തേക്കാളേറെ അതിന്റെ അടിക്കുറിപ്പാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ‘ ഇന്ന് കൊച്ചിയിൽ ഞാൻ എത്തുന്നു നിങ്ങളെ കാണാൻ ‘ എന്ന് മലയാളത്തിൽ അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. ഇത് കൂടാതെ തന്നെ ‘കൊച്ചി സുഖമാണോ?’ എന്ന് ചോദിച്ചുകൊണ്ടുള്ള സ്റ്റോറിയും മലയാളി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമ പ്രേമികൾ ഒട്ടാകെ കാത്തിരുന്ന പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷനായി ഇന്ന് കൊച്ചിയിൽ എത്തുകയാണ് പ്രിയ താരങ്ങൾ.

മണിരത്നത്തിന്റെ സംവിധാനത്തിൽ കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം വൻ വിജയമായി മാറിയിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്. ചോള രാജവംശത്തിന്റെ കഥ പറയുന്ന ഒരു ചരിത്ര സിനിമയാണ് പൊന്നിയിൻ സെൽവൻ.

Story highlights- ‘Today I am coming to Kochi to meet you’ jayam ravi in kochi