ഉലകത്തിനും ഉയിരിനും ഇനി പുതിയ പേരുകൾ- കുടുംബചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവൻ
പ്രശസ്ത താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും തങ്ങളുടെ ഇരട്ട കുട്ടികളെ സ്വാഗതം ചെയ്ത സന്തോഷത്തിലാണ്. 2022 ഒക്ടോബർ 9നാണ് ഇരുവർക്കും ഇരട്ട ആൺകുട്ടികൾ ജനിച്ചത്. കുഞ്ഞുങ്ങളുടെ വരവ് സംബന്ധിച്ച സന്തോഷവാർത്ത വിഘ്നേഷ് ട്വീറ്റിലൂടെയും ഇൻസ്റാഗ്രാമിലൂടെയും അറിയിച്ചിരുന്നു. ഉലകം, ഉയിർ എന്നിങ്ങനെയായിരുന്നു ഇരുവർക്കും പേരുകൾ നൽകിയിരുന്നത്. ഇപ്പോഴിതാ, കുട്ടികളുടെ ഔദ്യോഗിക നാമങ്ങൾ പങ്കുവയ്ക്കുകയാണ് വിഘ്നേഷ് ശിവൻ.
രുദ്രോനീൽ എൻ ശിവൻ എന്നും ദൈവിക് എൻ ശിവൻ എന്നുമാണ് കുട്ടികൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. ‘N’ ലോകത്തിലെ ഏറ്റവും മികച്ച അമ്മയെ സൂചിപ്പിക്കുന്നു ..നയൻതാര. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പേരുകൾ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്..’- വിഘ്നേഷ് കുറിക്കുന്നു.
ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ വിഘ്നേഷ് ശിവനും നടി നയൻതാരയും വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം ഈ ജൂൺ 9 ന് വിവാഹിതരായിരുന്നു. ഒരു സ്വപ്ന വിവാഹമായിരുന്നു ഇരുവരും ചേർന്ന് ഒരുക്കിയത്. അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചത്. അതിഥികളുടെ പട്ടികയിൽ ഷാരൂഖ് ഖാൻ, സൂര്യ, രജനികാന്ത്, വിജയ് സേതുപതി തുടങ്ങിയ സൂപ്പർ താരങ്ങളും ഉണ്ടായിരുന്നു. സംഗീതജ്ഞനും ഗായകനുമായ എആർ റഹ്മാനും വിവാഹത്തിന്റെ ഭാഗമായിരുന്നു.
Story highlights- vighnesh shivan reveals full names of her twin boys