വെയ് കെയ് വേവ് ; ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ വേവ് പൂളുമായി ഹവായ്

പ്രകൃതിഭംഗി കൊണ്ടും കാഴ്ചവിസ്മയം കൊണ്ടും എന്നും സഞ്ചാരികൾക്ക് പ്രിയങ്കരമായൊരിടമാണ് ഹവായ് ദ്വീപ്. ഹവായ് സന്ദർശിക്കാത്തവർക്ക് പോലും ഇവിടുത്തെ കാഴ്ചഭംഗി സുപരിചിതമാണ്. ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങളിലൂടെയും മറ്റും ഹവായിയുടെ സൗന്ദര്യം ലോകശ്രദ്ധ നേടിയതാണ്.
ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ദ്വീപ് ശൃംഖലകളിലൊന്നായ ഹവായ്, പൂർണമായും ദ്വീപുകളാൽ നിർമ്മിതമായ ഒരേയൊരു യുഎസ് സംസ്ഥാനമാണ്. ഹവായിയൻ ദ്വീപുകൾ അഗ്നിപർവ്വത ദ്വീപുകളാണ്.
നിരവധി ടൂറിസ്റ്റ് സ്പോട്ടുകളാൽ സമ്പന്നമായ ഇവിടം മിക്കപ്പോളും ആളുകളുടെ മികച്ച അവധിക്കാല ആഘോഷ കേന്ദ്രമായി മാറാറുണ്ട്. വിനോദ സഞ്ചാരം ഹവായിയുടെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ്. മനോഹരമായ ബീച്ചുകളാൽ ലോകപ്രശസ്തമാണ് ഇവിടം. വെള്ള, ചുവപ്പ്, കറുപ്പ് മണൽ ബീച്ചുകളും ബീച്ച് പാർക്കുകളും റൊമാന്റിക്ക് ബേകളും ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്.
ഹവായിയിലെ പ്രസിദ്ധമായ ഒരു ബീച്ചാണ് ഓഹു ബീച്ച്. സഞ്ചാരികളെ കാത്തു ഇനി മുതൽ ഓഹു ബീച്ചിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ സർഫ് വേവ് പൂളിന്റെ നിർമിത ഇവിടെ പൂർത്തിയായിരിക്കുകയാണ്. തിരമാല അലയടിക്കുന്ന കൃത്രിമ തടാകം ആവും ഇത്. വെയ് കെയ് വേവ് എന്ന് പേര് നൽകിയിരിക്കുന്ന ഈ സർഫ് വേവ് പൂൾ ഹവായിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. 40 മില്യൺ ഡോളറോളം ചെലവഴിച്ചാണ് ഈ പൂളിൻറെ നിർമ്മാണം. 100 അടിയോളം താഴ്ചയും 1.7 മില്യൺ ഗല്ലോൺസ് വാട്ടർ കപ്പാസിറ്റിയോടും കൂടിയാവും ലോകത്തിലെ ഏറ്റവും വലിയ സർഫ് പൂൾ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Story highlights- World’s largest surfing wave pool