ഇവർ കരുതലിന്റെ കാവൽമാലാഖാമാർ; ഇന്ന് അന്തരാഷ്ട്ര നഴ്‌സസ് ദിനം

May 12, 2023

രക്തമോ, മുറിവുകളോ അവരിൽ അറപ്പോ വെറുപ്പോ ഉളവാക്കാറില്ല. കരുതലിന്റെ സ്നേഹ സ്പര്ശത്തോടെ അവ തുടച്ചുമാറ്റാനും ആശ്വാസം പകരാനും അവരോളം കഴിയുന്നവരുമില്ല. അതാണ് നഴ്‌സുമാർ എന്നും മാലാഖമാരായി അടയാളപ്പെടുത്തുന്നത്. മഹാമാരിക്കാലത്ത് ആണ് നഴ്‌സുമാരുടെ കഷ്ടപ്പാടിന്റെയും പരിശ്രമത്തിന്റെയും കഥകൾ പലരും അടുത്തറിഞ്ഞത്. ആ കാലത്തിനിപ്പുറവും അന്തരാഷ്ട്ര നഴ്‌സസ് ദിനത്തിൽ അവർ അംഗീകരിക്കപ്പെടുന്നത് ആ മോശമായ സമയത്തെ പ്രവർത്തനങ്ങളിലൂടെയാണ്.

ഭൂമിയിലെ മാലാഖമാരുടെ ദിനമാണ് മേയ് 12. വിളക്കേന്തിയ വനിത എന്ന്‌ ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ ജന്മദിനമാണ്‌ ലോക നഴ്സസ്‌ ദിനമായി ആചരിക്കുന്നത്‌.

1820 മേയ്‌ 12നാണ് നൈറ്റിംഗേല്‍ ജനിച്ചത്‌. ഇറ്റലിയിലെ ഫ്ലോറന്‍സ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നല്‍കിയാണ് മാതാപിതാക്കള്‍ ഫ്ലോറന്‍സിനെ വളര്‍ത്തിയത്. എന്നാല്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്ലോറന്‍സിന് താല്‍പ്പര്യം.

ക്രീമിയന്‍ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിച്ച് ഇവർ ഈ ജോലിയുടെ മഹത്വം ലോകത്തെ അറിയിച്ചു. പിന്നീട് ഫ്ലോറന്‍സ് നഴ്സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. നിരവധിപേര്‍ക്ക് അവിടെ പരിശീലനം നല്‍കി. 1883ല്‍ വിക്ടോറിയ രാജ്ഞി ഫ്ലോറന്‍സിന് റോയല്‍ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി നൈറ്റിംഗേല്‍. ‘വിളക്കേന്തിയ മാലാഖ’ എന്നാണ് നൈറ്റിംഗേല്‍ അറിയപ്പെടുന്നത്. 1910 ആഗസ്റ്റ് 13ന് നൈറ്റിംഗേല്‍ അന്തരിച്ചു.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

അന്താരാഷ്ട നഴ്‌സസ് ദിനത്തിൽ ആദരവോടെ നമുക്ക് മാലാഖമാരെ അനുസ്മരിക്കാം.

Story highlights- international nurses day 2023