ഡോക്ടർ വന്ദനയുടെ കുടുംബത്തെ നേരിട്ടെത്തി കണ്ട് മമ്മൂട്ടി

May 12, 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ച് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വേർപാട് വളരെയധികം നൊമ്പരമാണ് സമ്മാനിച്ചത്. ഈ മാസം പത്തിനാണ് കേരള ഞെട്ടിയ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്.

എംബിബിഎസ് പഠനം പൂർത്തിയാക്കി പ്രതീക്ഷയോടെ ജോലിയിൽ പ്രവേശിച്ച വന്ദനയുടെ വേർപാട് കേരളത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ കുടുംബത്തെ നേരിൽകണ്ട് ആശ്വസിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ നടൻ മമ്മൂട്ടി. വന്ദനയുടെ മുട്ടുച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തുകയായിരുന്നു മമ്മൂട്ടി. രാത്രി എട്ടേകാലോടെ വന്ദനയുടെ വീട്ടിലെത്തിയ മമ്മൂട്ടി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. നടൻ രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

അതേസമയം, കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ പ്രതിയായ സന്ദീപ് കത്രിക കൈക്കലാക്കി യാതൊരു പ്രകോപനവുമില്ലാതെ വന്ദനയെ ആക്രമിക്കുകയായിരുന്നു. അതേസമയം, വന്ദന ദാസിൻ്റെ കൊലപാതകം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും. റൂറൽ എസ്.പി. എം.എൽ. സുനിൽ അന്വേഷണത്തിനു മേൽനോട്ടം വഹിക്കും.

Story highlights- mammootty visits late doctor vandana das’s house