സിനിമകുടുംബത്തിൽ നിന്നും പുതിയൊരു സംവിധായിക; കീർത്തി സുരേഷിന്റെ സഹോദരി സംവിധാന രംഗത്തേക്ക്
സിനിമ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഒരു താര കുടുംബമാണ് സുരേഷ്കുമാറിന്റേത്. നിർമാതാവും അഭിനേതാവുമായ സുരേഷ്കുമാർ, നടിയായ ഭാര്യ മേനക, അഭിനേതാവായ മേനകയുടെ മാതാവ്, തെന്നിന്ത്യൻ സൂപ്പർ നായികയായ മകൾ കീർത്തി, ടെക്നിക്കൽ വശങ്ങളിലേക്ക് കടന്ന മൂത്ത മകൾ രേവതി അങ്ങനെ പോകുന്നു ഈ പട്ടിക. താരങ്ങൾ നിറഞ്ഞ കുടുംബമായതിനാൽ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, രേവതി സുരേഷ് സംവിധാന രംഗത്തേക്ക് കടക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് രേവതി സംവിധായികയാകുന്ന വിവരം പങ്കുവെച്ചത്.
‘എന്റെ അമ്മ മേനക സുരേഷ്, അച്ഛൻ ജി സുരേഷ് കുമാർ എന്നിവരിൽ നിന്നും എന്റെ മറ്റ് മാതാപിതാളായ ജലജ മോഹൻ, പി. മോഹൻ നായർ എന്നിവരിൽ നിന്നും അനുഗ്രഹം വാങ്ങുന്നു; ഒപ്പം എന്റെ ഗുരുക്കളായ ഡോ. പത്മ സുബ്രഹ്മണ്യം, സംവിധായകൻ പ്രിയദർശൻ, യോഗ ആചാര്യ താരാ സുദർശൻ എന്നിവർക്ക് പ്രണാമം നൽകി ഈ പോസ്റ്ററിലൂടെ എന്റെ ആദ്യ സംവിധായികയായുള്ള ഷോർട്ട് ഫിലിം, താങ്ക് യൂ പ്രഖ്യാപിക്കുന്നതിന് ഞാൻ അങ്ങേയറ്റം സന്തുഷ്ടയാണ്.
എന്റെ ജീവിതത്തിലെ ഓരോ വ്യക്തിക്കും അവരുടെ മാർഗനിർദേശത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു. എനിക്ക് പിന്തുണ നൽകിയതിന് എന്റെ മുഴുവൻ കുടുംബത്തിനും നന്ദി, പ്രത്യേകിച്ച് എന്റെ ഭർത്താവ് നിതിൻ മോഹൻ. എന്റെ സഹോദരന്മാരേ, സഹോദരിമാരേ, സുഹൃത്തുക്കളേ, എപ്പോഴും എന്നെ ആശ്വസിപ്പിക്കുന്നതിനും വേരൂന്നിക്കുന്നതിനും ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു! നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം. വളരെ വേഗം നിങ്ങളിലേക്ക് വരുന്നു -താങ്ക് യു..’- രേവതി കുറിക്കുന്നു.
അതേസമയം, കീർത്തി സുരേഷ് നായികയായി എത്തിയ മരക്കാറിലാണ് സഹോദരിമാർ ആദ്യമായി ഒന്നിച്ച് പ്രവർത്തിച്ചത്. അന്ന് സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കീർത്തി കുറിച്ചത് ഇങ്ങനെയാണ്.- ‘എന്തൊരു മനോഹരമായ ചിത്രം, ഞാൻ ചേച്ചിയോടൊപ്പം ജോലിചെയ്തതിൽ വളരെ സന്തോഷവതിയാണ്. സഹോദരി ഷൂട്ടിംഗിൽ എല്ലാം പരിപാലിക്കുമ്പോൾ കാര്യങ്ങൾ എത്ര എളുപ്പമാണെന്നോ?’- കീർത്തിയുടെ വാക്കുകൾ.
Story highlights- revathi suresh to direct short film