‘നമ്മൾ’ ഒത്തുചേർന്നപ്പോൾ; ജിഷ്ണുവിനെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് സിദ്ധാർത്ഥ് ഭരതൻ

May 11, 2023

നമ്മൾ എന്ന ചിത്രത്തിലൂടെ സംവിധായകൻ കമൽ മലയാളികൾക്ക് സമ്മാനിച്ച പ്രിയതാരങ്ങളാണ് സിദ്ധാർഥ് ഭരതൻ, ജിഷ്ണു രാഘവൻ എന്നിവർ. ആത്മാർത്ഥ സുഹൃത്തുക്കളായി ഇരുവരും അഭിനയിച്ച ചിത്രം മലയാളികളുടെ പ്രിയചിത്രങ്ങളിൽ ഒന്നായി മാറി. ഒപ്പം ഇതിലെ കഥാപാത്രങ്ങളെയും മലയാളികൾ ഹൃദയത്തിലേറ്റി. ഈ സിനിമയ്ക്ക് ശേഷവും സൗഹൃദം കാത്തു സൂക്ഷിച്ചവരാണ് ജിഷ്ണുവും സിദ്ധാർഥും. എന്നാൽ നിനച്ചിരിക്കാത്ത നേരത്താണ് കാൻസർ എന്ന മഹാരോഗം ജിഷ്ണുവിനെ തേടിയെത്തിയത്. 2016ലാണ് നടൻ എല്ലാവരോടും വിടപറഞ്ഞത്.

അന്ന് നമ്മൾ എന്ന ചിത്രത്തിൽ വേഷമിട്ടിരുന്ന താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയാണ് ഇപ്പോൾ. എല്ലാവരും സിനിമയിൽ പല മേഖലകളിൽ തിളങ്ങുന്നവരാണ്. ഒത്തുകൂടലിന്റെ ചിത്രം സിദ്ധാർത്ഥ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ’20 വർഷങ്ങൾക്ക് ശേഷം കോളേജ് സുഹൃത്തുക്കളുടെ അവിസ്മരണീയമായ ഒത്തുചേരലായിരുന്നു അത്. ജിഷ്ണുവിനെ അങ്ങേയറ്റം മിസ് ചെയ്യുന്നു’- സിദ്ധാർത്ഥ് കുറിക്കുന്നു.

Read also: ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; മുത്തശ്ശിയുടെ മുടി പല നിറത്തിൽ ഡൈ ചെയ്തു കൊച്ചുമകൾ

മലയാളികളെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് 2016 മാർച്ച് 25 ആം തിയതി മറ്റൊരു ലോകത്തേക്ക് യാത്രയായത്. അതേസമയം, സിദ്ധാർത്ഥ് ഭരതൻ അച്ഛന്റെ പാത പിന്തുടർന്ന് സംവിധാനത്തിൽ സജീവമായിരിക്കുകയാണ്. ജിന്ന്, ചതുരം എന്നീ ചിത്രങ്ങളാണ് സിദ്ധാർത്ഥ് ഭരതൻ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്. സ്വാസിക, അലൻസിയർ, റോഷൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Story highlights- sidharth bharathan shares nammal movie reunion