വിജയകരമായി 25 ദിനങ്ങൾ പിന്നിട്ട് ‘ചാൾസ് എന്റർപ്രൈസസ്’

June 7, 2023

ഉർവ്വശി, ബാലുവർഗ്ഗീസ്, കലൈയരസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി പ്രദർശനം തുടരുന്ന ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയാണ് ചിത്രം മുന്നേറുന്നത്. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത് കഴിഞ്ഞ മാസം 19ന് തിയേറ്ററുകളിൽ എത്തിയ സിനിമ ഇപ്പോൾ വിജയകരമായി 25 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്.

കൊച്ചിയുടെ പശ്ചാത്തലത്തിൽ കേരള, തമിഴ് സംസ്കാരങ്ങളെ ഇഴചേർത്ത ചാൾസ് എന്റർപ്രൈസസ് ഒരു സോഷ്യൽ ഫാമിലി എന്റർടെയ്നറാണ്. ഉർവശി, ബാലു വർഗീസ്, കലൈയരസൻ,അഭിജ ശിവകല, ഭാനു, ഗുരു സോമസുന്ദരം തുടങ്ങി ഒരു വലിയ താര നിര അണിനിരക്കുന്ന സിനിമ ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ചിത്രത്തിന് ഒരു ഹിറ്റ് സ്റ്റാറ്റസ് നേടികൊടുക്കുന്നത്.

ഗോമതി എന്ന ശക്തമായ കഥാപാത്രമായി ഉർവശിയുടെ മികച്ച പ്രകടനം തന്നെയാണ് ചാൾസ് എന്റർപ്രൈസസിന്റെ ഹൈലൈറ്റ്. 2018 എന്ന ചിത്രത്തിൽ അതിഗംഭീര പ്രകടനം നടത്തിയ കലൈയരസന്റെ മറ്റൊരു മികവാർന്ന പ്രകടനവും എടുത്തു പറയേണ്ട ഒന്നാണ്. രവി എന്ന കഥാപാത്രമായി ബാലു വർഗീസ് എത്തുന്നു. സിനിമയുടെ തമിഴ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് കാക്കമുട്ടൈ എന്ന സിനിമയുടെ സംഭാഷണ രചിയതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ്.ഒരേ പോലെ തമിഴിലും നിർമ്മിച്ചിരിക്കുന്ന ചിത്രം ചെന്നൈ നഗരത്തിനാവശ്യമായ ദൃശ്യമാറ്റങ്ങളിലൂടെ സ്ട്രൈറ്റ് തമിഴ് സെൻസർ പൂർത്തിയാക്കി ജൂൺ 16 നാണ് റിലീസ് ചെയ്യുന്നത്,കൂടാതെ ആമസോൺ പ്രൈയിം സ്ട്രീമിങ് ഔട്ട്‌ റൈറ്റ് അവകാശം സ്വന്തമാക്കിയ ചിത്രം ഈ മാസം അവസാനം ഒ ടി ടി പ്രേക്ഷകരിലേക്ക് എത്തുമെന്ന് അറിയുന്നു.

Read also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

ഭക്തിയുടെയും യുക്തിയുടെയും അതിർവരമ്പുകളെ കുറിച്ചു പറയുന്ന ഒരു ഗണപതികഥയാണ് ചാൾസ് എന്റർപ്രയ്സസ്സ്. പേരിന്റെ കൗതുകം അഖ്യാനത്തിലും കൊണ്ട് വരുവാൻ കഴിഞ്ഞ മികവ് തന്നെയാണ് ഈ ചിത്രത്തിനെ കുടുംബ പ്രേക്ഷകരോട് ചേർത്ത് വയ്ക്കുന്നത്. നിലവിലെ സിനിമ വ്യവസായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ‘ചാൾസ് എന്റർപ്രൈസസ് ‘ പോലെയുള്ള ചെറിയ ചിത്രം നേടിയ മികച്ച വിജയം ഏറെ പ്രതീക്ഷ സമ്മാനിക്കുന്നത് തന്നെയാണ്.

Story highlights- charles enterprises completes 25 days