വളയം കൈകളിൽ ഭദ്രമാക്കി അനുഗ്രഹ; ഇത് കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവർ
ഓരോ നേട്ടവും ഒരു സ്വപ്നസാക്ഷാത്കാരമാണ്. കുറെ നാളത്തെ കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തരം. ചിലരൊക്കെ അവരുടെ നേട്ടങ്ങളിലൂടെ നമുക്ക് പ്രചോദനമാകാറുണ്ട്. നമ്മുടെ സ്വപ്നങ്ങൾക്ക് ചെറുതായെങ്കിലും ഒരു ഊർജവും നൽകും. ഇന്ന് പരിചയപ്പെടുത്തുന്നത് അങ്ങനെയൊരു മിടുക്കിയെയാണ്. പേര് അനുഗ്രഹ. ഈ ഇരുപത്തിനാലുകാരി കോഴിക്കോടിന്റെ ആദ്യത്തെ വനിതാ ബസ് ഡ്രൈവർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇനിമുതൽ കോഴിക്കോട് പേരാമ്പ്ര റൂട്ടിൽ അനുഗ്രഹയും ഉണ്ടാകും. നോവ ബസിന്റെ വളയം ഈ പെൺകുട്ടിയുടെ കൈകളിൽ ഭദ്രം.
മേപ്പയൂർ എടത്തിൽ മുക്ക് കാവതിക്കണ്ടി സ്വദേശിയാണ് അനുഗ്രഹ. ഈ ഒരൊറ്റ നേട്ടത്തിലൂടെ സോഷ്യൽ മീഡിയയിലെ തരംഗമാണ് അനുഗ്രഹയും അനുഗ്രഹയുടെ ഡ്രൈവിംഗും. ചെറുപ്പം മുതൽ അനുഗ്രഹയ്ക്ക് സാഹസികതയും ഡ്രൈവിങുമായിരുന്നു ഇഷ്ടം. ആ ഇഷ്ടം കൂടിവന്നപ്പോൾ ബസ് ഓടിക്കാൻ ആഗ്രഹം, അതിനുള്ള ഹെവി ലൈസൻസും കഴിഞ്ഞയാഴ്ച സ്വന്തമാക്കി. അങ്ങനെ ബസ് ഓടിക്കുകയെന്ന ഏറെക്കാലമായുള്ള തന്റെ ആഗ്രഹവും സഫലീകരിച്ചിരിക്കുകയാണ് ഈ 24 കാരി.
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
പേരാമ്പ്ര-വടകര റൂട്ടിലെ നോവ ബസിലാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ച് ഡ്രൈവിങ് സീറ്റിൽ അനുഗ്രഹ ഇരുന്നത്. ലൊജിസ്റ്റിക്കിൽ മാസ്റ്റർ ബിരുദധാരിയായ അനുഗ്രഹ ഇപ്പോൾ വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുകയാണ്. ജോലി ലഭിക്കുന്നതുവരെ ഡ്രൈവിങ്ങ് തുടരാനാണ് തീരുമാനം.
മുരളീധരൻ ചന്ദ്രിക ദമ്പതിമാരുടെ മകളാണ് മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ മണാലിയിൽ നടന്ന അഡ്വഞ്ചറസ് ക്യാമ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് അനുഗ്രഹ പങ്കെടുത്തിരുന്നു. ഇത് സാഹസികതയ്ക്കു കരുത്തുപകരാൻ ഏറെ സഹായമായെന്ന് അനുഗ്രഹ പറഞ്ഞു.
വോളിബോൾ താരമെന്ന നിലയിലും കൊയിലാണ്ടി ഗവ.കോളജിൽ പഠിക്കുന്ന സമയത്തു മികവു തെളിയിക്കാൻ അനുഗ്രഹയ്ക്കായി. സ്കൂൾ പഠനകാലത്തു തന്നെ എസ്പിസി, എൻഎസ്എസ് എന്നിവയിൽ സജീവമായിരുന്നു.
Story highlights – First woman bus driver in Kozhikode