‘ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിൽ ഒന്ന്’; കാപ്പാട് ബീച്ചിന് വീണ്ടും ‘ബ്ലൂ ഫ്ലാഗ്’ സർട്ടിഫിക്കറ്റ്!

February 3, 2024

കേരളത്തിന് അഭിമാനം കൊള്ളാൻ ഇതാ ഒരു വിശേഷം. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിൽ ഒന്ന് എന്ന അംഗീകാരം സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോടുള്ള കാപ്പാട് ബീച്ച്. ഡെൻമാർക്ക് ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റ് എജ്യുക്കേഷൻ പുറത്തിറക്കിയ ഇക്കോ ലേബലായ ‘ബ്ലൂ ഫ്ലാഗ്’ സർട്ടിഫിക്കറ്റും കാപ്പാട് ബീച്ചിന് വീണ്ടും ലഭിച്ചു. ഇതിന് മുൻപും കാപ്പാടിന് ‘ബ്ലൂ ഫ്ലാഗ്’ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. (Kappad Beach bags ‘Blue Flag’ certificate yet again)

സംസ്ഥാനത്ത് ‘ബ്ലൂ ഫ്ലാഗ്’ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഏക ബീച്ച് കാപ്പാട് ബീച്ചാണ്. ഇന്ത്യയിലാകെ എട്ട് ബീച്ചുകൾക്കാണ് ഈ പദവി ലഭിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് ലഭിക്കാനായി എട്ട് നിബന്ധനകൾ പാലിക്കേണ്ടതായുണ്ട്. തീരദേശത്തെ ശുചിത്വവും ബീച്ചുകളിലെ സുരക്ഷയുമൊക്കെ ഇവയിൽ ഉൾപ്പെടുന്നു. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഫലപ്രദമായ സേവനങ്ങളും പാരിസ്ഥിതിക നടപടികളും സ്വീകരിക്കുന്നത് പ്രധാനമാണ്.

Read also: കേടുപാടുകൾ ഒന്നുമില്ല; 90,000 വർഷം പഴക്കമുള്ള മനുഷ്യ കാൽപാടുകൾ കണ്ടെത്തി ഗവേഷകർ!

പ്രശസ്തരായ പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും അടങ്ങുന്ന ജൂറിയാണ് സർട്ടിഫിക്കേഷൻ്റെ ഭാഗമായുള്ള പരിശോധന നടത്തുന്നത്. അതേസമയം, പരിസ്ഥിതി സൗഹൃദ സമീപനം, സൗരോർജ്ജത്തിൻ്റെ ശരിയായ ഉപയോഗം, ഫലപ്രദമായ മാലിന്യ നിർമാർജന സംവിധാനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം എന്നിവ കണക്കിലെടുത്താണ് കാപ്പാട് ബീച്ചിന് അഭിമാനകരമായ പദവി നൽകിയതെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിൽ ഒന്നാണ് കാപ്പാട് ബീച്ചെന്നും കളക്ടർ വ്യക്തമാക്കി.

Story highlights: Kappad Beach bags ‘Blue Flag’ certificate yet again