കേടുപാടുകൾ ഒന്നുമില്ല; 90,000 വർഷം പഴക്കമുള്ള മനുഷ്യ കാൽപാടുകൾ കണ്ടെത്തി ഗവേഷകർ!

February 3, 2024

അപ്പൂപ്പനും അമ്മൂമ്മയും ആരെന്ന് ചോദിച്ചാൽ ഉത്തരം നമ്മുടെ കയ്യിലുണ്ടാകും. കൂടിപ്പോയാൽ അപൂർവം ചിലർക്ക് മുതുമുത്തശ്ശന്മാരെയും അറിഞ്ഞെന്ന് വരാം. എന്നാൽ 90,000 വർഷങ്ങൾ പുറകോട്ട് സഞ്ചരിച്ച് അന്ന് ജീവിച്ചിരുന്നവരുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് പറഞ്ഞാൽ? അതിശയമാണോ വരുന്നത് അതോ തമാശ പറയുകയാണ് എന്നാണോ കരുതുക? പക്ഷെ സംഗതി തമാശയല്ല, സത്യമാണ്. (90,000 year old human footprints discovered in Moroccan beach)

‘സയൻ്റിഫിക് റിപ്പോട്ട്സ്’ എന്ന ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 2022-ൽ വടക്കേ ആഫ്രിക്കയുടെ വടക്കൻ മേഖലകളിലാണ് ഇത്തരത്തിൽ മനുഷ്യന്റെ പൂർവികരുടെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ശാസ്ത്രജ്ഞർ അവകാശപ്പെടുന്നതനുസരിച്ച് 90,000 വർഷങ്ങൾ പഴക്കമുള്ള കാൽപ്പാടുകൾ ആണിവ.

ഇത്തരത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കാൽപ്പാടുകൾ കണ്ടെത്തുക എന്നത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ്. മാത്രമല്ല ഇനി കണ്ടെത്തിയാൽ തന്നെ, കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകും അവയ്ക്ക്. എന്നാൽ പ്രകൃതി തന്നെ അവയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയാൽ ഇത്തരത്തിൽ അതിശയിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും. നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാൽപ്പാടുകൾ.

Read also: നൂറ്റാണ്ടുകൾ പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടം നിഗൂഢതയുണർത്തി തീരത്തടിഞ്ഞു! അമ്പരന്ന് ഗ്രാമവാസികൾ

യാദൃശ്ചികമായാണ് ഈ കാല്‍പ്പാടുകള്‍ പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. സമുദ്രതീരത്തെ പാറകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിനിടെയാണ് സമീപത്തായി മനുഷ്യന്‍റെതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. മണലിന്‍റെ അടിയിലായി മൊറോക്കൻ തീരത്ത് മറഞ്ഞ് കിടക്കുകയായിരുന്നു ഈ കാല്‍പാടുകൾ എന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. തീരത്തെ മണല്‍ കടലെടുത്തപ്പോഴാണ് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകള്‍ വെളിപ്പെട്ടത്. കൂടുതല്‍ നിരീക്ഷണത്തില്‍ നിന്നാണ് ഇവ മനുഷ്യന്‍റെതാണെന്ന് വ്യക്തമായത്. 

പിഞ്ചുകുഞ്ഞുങ്ങൾ മുതൽ, കൗമാരക്കാരും മുതിർന്നവരും ഉൾപ്പടെ അഞ്ചോളം ഹിമയുഗ മനുഷ്യരുടെ 85-ഓളം കാൽപ്പാടുകളാണ് കണ്ടെത്തിയത്. ആദ്യ കാല്‍പ്പാട് കണ്ടപ്പോള്‍ സംഘം അതിശയിക്കുകയും അത് ഒരു കാൽപ്പാടാണെന്ന് വിശ്വസിക്കാനും തയ്യാറായിരുന്നില്ല. പക്ഷേ, പിന്നീട് കൂടുതല്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെയാണ് പഠനങ്ങൾ ആരംഭിച്ചത്. കാൽപ്പാടുകൾക്ക് എത്ര പഴക്കമുണ്ടെന്ന് നിർണ്ണയിക്കാൻ ലൂമിനസെൻസ് ഡേറ്റിംഗ് സംവിധാനമാണ് ഉപയോഗിച്ചതെന്ന് ഗവേഷക സംഘത്തിന്റെ തലവൻ മൗൻസെഫ് സെഡ്രാറ്റി അറിയിച്ചു.

ഈ കാൽപ്പാടുകൾ കടൽ തീരത്ത് കൂടെ കടന്ന് പോയ മനുഷ്യരുടെ നീളം, പ്രായം, ഭാരം, ഉയരം, നടന്ന് പോയ വേഗത, സാമൂഹിക സ്വഭാവം എന്നിവ വരെ വെളിപ്പെടുത്തുന്നവയാണ്. എന്നാൽ എന്തിനാണ് ആളുകൾ കടൽ തീരത്ത് കൂടി വന്നതെന്ന് ഗവേഷകർക്ക് വ്യക്തമല്ല. ഒരു പക്ഷെ താമസിക്കാൻ ഒരിടം, ഭക്ഷണം, മറ്റൊരിടത്തേക്കുള്ള പലായനം അങ്ങനെയുള്ള കാരണങ്ങൾ ആകാം പിന്നിൽ എന്നാണ് നിഗമനം.

Story highlights: 90,000 year old human footprints discovered in Moroccan beach