നെഞ്ചെരിച്ചിലിന് ഉടനടി പരിഹാരം; പരീക്ഷിക്കാം ഈ മാർഗങ്ങൾ

June 10, 2023


പ്രായഭേദമന്യേ പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍ എന്നത്. പലപ്പോഴും രാത്രി സമയങ്ങളിലാണ് നെഞ്ചെരിച്ചില്‍ കൂടുതലായി അനുഭവപ്പെടാറുള്ളത്. കൃത്യതയില്ലാത്ത ഭക്ഷണരീതിയും വ്യായമക്കുറവും ഒക്കെയാണ് മിക്കപ്പോഴും നെഞ്ചെരിച്ചിലിന് കാരണമാകുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രാത്രിയിലുണ്ടാകുന്ന നെഞ്ചെരിച്ചില്‍ ചെറുക്കാന്‍ സാധിക്കും.

സാധാരണ ഗതിയില്‍ ആമാശയത്തില്‍ കാണപ്പെടുന്ന ദഹനരസം അന്നനാളിയിലൂടെ മുകളിലേക്ക് കയറിവരുന്ന അവസ്ഥയെയാണ് നെഞ്ചെരിച്ചില്‍ എന്നു വിളിക്കുന്നത്. നെഞ്ചെരിച്ചിലിനെ ചെറുക്കാന്‍ ഭക്ഷണകാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. രാത്രിസമയങ്ങളില്‍ സ്ഥിരമായി നെഞ്ചെരിച്ചില്‍ അനുഭവിക്കുന്നവര്‍ രാത്രിയില്‍ ഫാസ്റ്റ് ഫുഡ് അധികം കഴിക്കാതിരിക്കുക. മാത്രമല്ല അത്താഴം അമിതമായി കഴിക്കാനും പാടില്ല. ചെറിയ അളവിലുള്ള ലൈറ്റ് ഫുഡ് ആണ് അത്താഴത്തിന് എപ്പോഴും നല്ലത്.

അതുപോലെതന്നെ രാത്രിയില്‍ ഭക്ഷണം കഴിച്ച ഉടനെ തന്നെ ഉറങ്ങാനായി കിടക്കുകയുമരുത്. ഇതും നെഞ്ചെരിച്ചിലിന് കാരണമാകും. ഒരുപാട് എണ്ണമയമുള്ള ഭക്ഷണങ്ങള്‍ രാത്രി ഒഴിവാക്കുന്നതും നെഞ്ചെരിച്ചിലിനെ ചെറുക്കാന്‍ സഹായിക്കുന്നു.

Read also: ‘എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് നന്ദി, കുഴപ്പങ്ങളൊന്നുമില്ല’- ആശുപത്രിവിട്ട് ബിനു അടിമാലി

സ്ഥിരമായി മദ്യപിക്കുന്നവരിലും പുകവലി ശീലമുള്ളവരിലും നെഞ്ചെരിച്ചില്‍ പ്രകടമാകാറുണ്ട്. ശരീരത്തിന് ഹാനികരമാകുന്ന ഇത്തരം ശീലങ്ങളെല്ലാം ഒഴിവാക്കുന്നതാണ് ആരോഗ്യകരം. അമിതവണ്ണമുള്ളവരിലും നെഞ്ചെരിച്ചില്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഇത്തരക്കാര്‍ കൃത്യമായ ഡയറ്റും വ്യായാമവും ശീലിക്കുക. അതേസമയം നെഞ്ചെരിച്ചില്‍ കൂടുതലായി അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടുന്നതാണ് നല്ലത്.

Story highlights: Heartburn prevention tips