‘റഹ്‌മാൻ മീശ വെച്ചാലേ ഞാനും മീശ വെക്കൂ എന്ന് വാശി പിടിച്ചിരുന്ന ഒരു യൗവ്വനം ഉണ്ടായിരുന്നു’- പ്രിയനായകനൊപ്പം ഇർഷാദ്

June 20, 2023

ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു റഹ്‌മാൻ. മലയാളത്തിൽ കൂടുതലും സഹതാരമായാണ് തിളങ്ങിയതെങ്കിലും തമിഴിൽ നായക വേഷങ്ങളാണ് ചെയ്തിരുന്നത്. 1980കളായിരുന്നു റഹ്മാന്റെ സജീവ കാലഘട്ടം. ഇപ്പോൾ വീണ്ടും മികച്ച വേഷങ്ങളിൽ സിനിമയിൽ തിരക്കേറുകയാണ് റഹ്‌മാന്‌. സിനിമയ്ക്ക് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. അന്നും ഇന്നും റഹ്‌മാൻ ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ, റഹ്മാനോടുള്ള ആരാധനയും ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ് നടൻ ഇർഷാദ് അലി.

‘മീശ മുളയ്ക്കുന്ന പ്രായത്തിൽ, റഹ്‌മാൻ മീശ വെച്ചാലേ ഞാനും മീശ വെക്കൂ എന്ന് വാശി പിടിച്ചിരുന്ന ഒരു യൗവ്വനം ഉണ്ടായിരുന്നു .. ‘കൂടെവിടെ’ മുതൽ കൂടെകൂടിയതാണ് ആ ഇഷ്ടം. റഹ്‌മാൻ രോഹിണി ,റഹ്‌മാൻ ശോഭന, അവരുടെ പ്രണയങ്ങളുടെ പിന്നാലെ എന്തുമാത്രം ഓടിയിട്ടുണ്ടന്നോ! എത്ര കഷ്ടപ്പെട്ടാണെങ്കിലും റിലീസ് ദിനത്തിലെ ആദ്യഷോയ്ക്ക്, ടിക്കറ്റ് കൗണ്ടറിന്റെ നീണ്ട വരികളിൽ ഒന്നാമനായി നെഞ്ചുവിരിച്ചു അഭിമാനത്തോടെ നിന്നിരുന്ന ഇർഷാദ് ഇന്നുമുണ്ട് എന്റെ ഉള്ളിൽ.. ഇത്രയും കാലത്തെ അഭിനയ ജീവിതത്തിൽ, നജീം കോയയുടെ വെബ് സീരീസ് വേണ്ടി വന്നു അദ്ദേഹവുമായി ഒരുമിച്ചഭിനയിക്കാൻ.. കാലമേ…..നിറഞ്ഞ സ്നേഹം..’- ഇർഷാദ് കുറിക്കുന്നു.

Read also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

അതേസമയം, ‘പൊന്നിയിൻ സെൽവൻ 2’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ റഹ്‌മാൻ വേഷമിട്ടത്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് റഹ്‌മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്‌മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ചുവടുമാറിയതോടെ മലയാളത്തിൽ ഇടവേള വന്നു. നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു.

Story highlights- irshad ali about rahman