‘സാർ, എന്നെ രക്ഷിക്കണം’; ഒരുകോടിയുടെ ബമ്പറടിച്ച പശ്ചിമ ബംഗാൾ സ്വദേശി സുരക്ഷ തേടി പൊലീസ് സ്റ്റേഷനിൽ

June 30, 2023

ഒരു ഭാഗ്യപരീക്ഷണമാണ് ലോട്ടറി. ലോട്ടറിയടിക്കുന്നയാൾക്ക് സന്തോഷവും ലഭിക്കാത്തവർക്ക് നിരാശയുമാണ്. എന്നാൽ, വിജയിക്ക് എപ്പോഴും സന്തോഷം മാത്രം നൽകുന്ന സംഗതിയല്ല ഇത്. കാരണം, സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജീവിക്കുന്നവർക്ക് ലോട്ടറിയടിച്ച് ലഭിക്കുന്ന തുക ജീവന് തന്നെ ഭീഷണിയാണ്. ഇപ്പോഴിതാ, ഒരുകോടിയുടെ ബമ്പറടിച്ച ഭാഗ്യശാലി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബയാണ് സുരക്ഷാ തേടി എത്തിയത്.

കേരള പൊലീസ് പങ്കുവെച്ച കുറിപ്പ്;

ഒരു കോടിയുടെ ഭാഗ്യത്തിന് പോലീസ് കരുതൽ..
”സർ, മുജേ ബചാവോ..”എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ ബിർഷു കീശയിൽ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നൽകി. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.
തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്.

Read also: ലഹരിക്കെതിരെ നമുക്ക് ഒരുമിച്ചു പോരാടാം- നിയമപരമായി നേരിടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് കേരളാ പൊലീസ്


ബമ്പറടിച്ചത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിർഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം. ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുംവരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.

Story highlights- kerala police facebook post