ലഹരിക്കെതിരെ നമുക്ക് ഒരുമിച്ചു പോരാടാം- നിയമപരമായി നേരിടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് കേരളാ പൊലീസ്

June 26, 2023

മയക്കുമരുന്ന് ദുരുപയോഗം, അനധികൃത കടത്ത് എന്നിവയ്‌ക്കെതിരായ ആഹ്വാനവുമായി ലോക ലഹരി വിരുദ്ധദിനം എല്ലാ വർഷവും ജൂൺ 26 ന് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം ഇല്ലാത്ത ഒരു ലോകം കൈവരിക്കുന്നതിനുള്ള പ്രവർത്തനവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായാണ് ഈ ദിനത്തിൽ ശ്രമിക്കുന്നത്. ‘ആളുകൾ ആദ്യം: കളങ്കവും വിവേചനവും അവസാനിപ്പിക്കുക, പ്രതിരോധം ശക്തിപ്പെടുത്തുക’ എന്നതാണ് ഈ വർഷത്തെ ലോക മയക്കുമരുന്ന് ദിന പ്രമേയം.

ഈ വർഷത്തെ ലോക മയക്കുമരുന്ന് ദിനാചരണത്തിന്റെ ലക്ഷ്യം, മയക്കുമരുന്ന് ഉപയോഗിക്കുന്നവരോട് ആദരവോടെയും സഹാനുഭൂതിയോടെയും പെരുമാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ്. .പ്രതിരോധത്തിന് മുൻഗണന നൽകുക; സഹാനുഭൂതിയോടെ നയിക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോഴിതാ, ഈ ദിനത്തിൽ മയക്കുമരുന്നിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ കേരളാ പൊലീസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

കേരളാ പൊലീസിന്റെ കുറിപ്പ്;

ജൂൺ 26 – വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.

2023 ലെ ദിനാചരണത്തിൻറെ സന്ദേശം People first : Stop stigma and discrimination, strengthen prevention എന്നാണ്.
ലഹരിക്ക് അടിമയായവരെയും അവരുടെ കുടുംബത്തെയും സഹാനുഭൂതിയോടെ കാണുക. അവരോട് മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുക. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയിൽ വ്യാപകമായിട്ടുള്ള HIV , Hepatitis എന്നീ രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുക. മയക്കുമരുന്നിൻറെ ഉപയോഗവും ആസക്തിയും തടയാൻ യുവാക്കളെയും സമൂഹത്തെയും ശാക്തീകരിക്കുക എന്നീ കാര്യങ്ങളാണ് ദിനാചരണത്തിൻറെ ഭാഗമായി ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്.

Read Also: കാനഡയിലുള്ള മകളെ കാണാൻ സർപ്രൈസായി എത്തി അച്ഛൻ- ഹൃദ്യമായൊരു കൂടിക്കാഴ്ച


ലഹരിക്കെതിരെ നമുക്ക് ഒരുമിച്ചു പോരാടാം. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ. യോദ്ധാവ് – 99 95 96 66 66
കൂടാതെ എക്സൈസ് വകുപ്പിന്റെ ‘നേർവഴി’ പദ്ധതിയുടെ 9656178000 എന്ന നമ്പറിലൂടെ സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവരങ്ങൾ കൈമാറാം.

Story highlights- The World Drug Day or  International Day against Drug Abuse