ബിലാലറിയാതെ എഡ്ഡി ജോൺ കുരിശിങ്കൽ കടലിൽ നീരാട്ടിന് ഇറങ്ങിയപ്പോൾ- ബിഗ് ബി ഓർമ്മകളിൽ മനോജ് കെ ജയൻ

June 18, 2023

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം. ‘ബിലാൽ’ എന്നാണ് രണ്ടാം ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. ഒരുപക്ഷെ, മമ്മൂട്ടി ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രവും ബിലാൽ ആണ്. അമൽ നീരദ് ഒരുക്കുന്ന ചിത്രത്തെ കുറിച്ച് ഇടക്ക് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് നടൻ മനോജ് കെ ജയൻ. ഇപ്പോഴിതാ, ബിഗ് ബി സിനിമയിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ഓർമ്മ പുതുക്കുകയാണ് നടൻ.

‘ബിലാലറിയാതെ..2007 ൽ ‘Big B’ യുടെ ഷൂട്ടിങ്ങിനിടയിൽ എഡ്ഡി ജോൺ കുരിശിങ്കൽ കടലിൽ നീരാട്ടിന് ഇറങ്ങിയപ്പോൾ…’ എന്ന ക്യാപ്ഷനൊപ്പമാണ് മനോജ് കെ ജയൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 2007 ഏപ്രിലിൽ ആയിരുന്നു കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബിഗ് ബി’ റിലീസ് ചെയ്തത്. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്.

മലയാളികളുടെ മനസ്സിൽ എന്നും കുട്ടൻതമ്പുരാനാണ് മനോജ് കെ ജയൻ. എത്രയൊക്കെ സിനിമകൾ ചെയ്താലും എത്രയൊക്കെ കഥാപാത്രങ്ങൾ അനശ്വരമാക്കിയാലും കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിന് മലയാളികൾ നൽകിയിരിക്കുന്ന സ്ഥാനം വളരെ വലുതാണ്. മനോജ് കെ ജയന്റെ കരിയറിൽ ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിച്ചതും ഏറ്റവുമധികം അഭിനന്ദനങ്ങൾ നേടിക്കൊടുത്തതുമായ കുട്ടൻ തമ്പുരാന്റെ പേരിലാണ് ഇന്നും അദ്ദേഹം ഓരോ വേദിയിലും സ്വീകരിക്കപ്പെടുന്നത്.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

അതേസമയം, സല്യൂട്ട് എന്ന ചിത്രത്തിലാണ് മനോജ് കെ ജയൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ദുൽഖർ സൽമാൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് സല്യൂട്ട്.  തിരുവനന്തപുരത്തും പരിസരത്തുമാണ് ചിത്രീകരണം നടത്തിയത്. എസ്‌ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിച്ചത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. 

Story highlights- manoj k jayan shares big b location photo