മുത്തശ്ശി നാരങ്ങാ മിഠായി ഫാനാണ്; ഒരു ദിവസം കഴിക്കുന്നത് 40 ഓളം നാരങ്ങാ മിഠായികൾ
നാരങ്ങാ മിഠായി ഒരു വികാരമാണ്. ഒരു നൂറ് ഓർമകളിലേക്ക് നമ്മളെ കൊണ്ടുപോകാൻ ശക്തിയുള്ള രുചി. ഈ മധുരം നമുക്ക് നൽകുന്നതും മധുരം നിറഞ്ഞ ഓർമകളാണ്. ഇന്നത്തെ തലമുറയ്ക്ക് ഈ പേര് പക്ഷെ അത്രയ്ക്കും പ്രിയപ്പെട്ടത് ആകണമെന്നില്ല. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് നാരങ്ങാ മിഠായി അത്രമേൽ ഇഷ്ടമുള്ള ഒരു തൊണ്ണൂറു വയസുകാരിയെയാണ്. വെറും ഒരു ഇഷ്ടമല്ല, ഇടയ്ക്കിടയ്ക്ക് നാരങ്ങാ മിഠായി കിട്ടിയില്ലെങ്കിൽ ദേഷ്യം വരും ഈ മുത്തശ്ശിയ്ക്ക്. ഒരു ദിവസം 40 ഓളം നാരങ്ങാ മിഠായിയാണ് ഈ മുത്തശ്ശി കഴിക്കുന്നത്. വായിൽ ഒറ്റ പല്ലില്ലാത്ത ഈ മുത്തശ്ശി ദിവസവും നുണയുന്ന നാരങ്ങാ മിഠായികളുടെ എണ്ണം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
തൃശ്ശൂർ വടക്കാഞ്ചേരിയിലെ സരസ്വതി അമ്മാൾ ആണ് ഈ നാരങ്ങാ മിട്ടായി ഫാൻ. കഴിഞ്ഞ 20 വർഷമായി സരസ്വതി അമ്മാൾ ഏറ്റവും കൂടുതൽ കഴിച്ചിട്ടുള്ളത് നാരങ്ങാ മിഠായി ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഒന്നോ രണ്ടോ അല്ല, നാൽപ്പതോളം നാരങ്ങാ മിഠായികളാണ് ഈ മുത്തശ്ശി ദിവസവും അകത്താക്കുന്നത്.
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
വടക്കാഞ്ചേരി കിഴക്കേ ഗ്രാമം സൗഹൃദ നഗറിലെ പുത്തൻമഠത്തിൽ പരേതനായ സുബ്രഹ്മണ്യയ്യരുടെ ഭാര്യ സരസ്വതി അമ്മാൾ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലാണ്. പല മരുന്നുകൾ കഴിച്ച് രുചി അറിയാൻ പറ്റാതെ ആയെന്ന് സങ്കടം പറഞ്ഞപ്പോഴാണ് മക്കൾ ആദ്യമായി നാരങ്ങാ മിഠായി നൽകിയത്. പിന്നീട് അതൊരു ശീലമായി. രാവിലെ ചായ കുടിക്കുന്നതിനു മുൻപ് മിഠായി കിട്ടണം. ഇല്ലെങ്കിൽ പ്രശ്നം വഷളാവും. ഇതറിയാവുന്നതിനാൽ മകൻ ശങ്കരനാരായണൻ നാരങ്ങാ മിഠായി ഹോൾസെയിലായി വാങ്ങിവച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് അര തവി ചോറ്. മൂന്ന് മണിയാകുമ്പോൾ അര ഗ്ലാസ് ഹോർലിക്സ്. വൈകിട്ട് ഒരുപിടി ചോറിൽ പാലും ശർക്കരപ്പൊടിയും ചേർത്ത് മിക്സിയിൽ അടിച്ച് കഞ്ഞിപ്പരുവത്തിലാക്കിയത്. ഇതാണ്, നാരങ്ങാ മിഠായിക്കു പുറമെ സരസ്വതി അമ്മാളിന്റെ മെനു. മറ്റൊന്നും കിട്ടിയില്ലെങ്കിലും അമ്മയ്ക്ക് പരാതിയില്ല. പക്ഷേ നാരങ്ങാ മിഠായി മുടങ്ങരുത്. 150 നാരങ്ങാമിഠായിയുടെ കുപ്പി തുറന്നാൽ അത് നാല് ദിവസംകൊണ്ട് കാലിയാകും. ഇത്രയൊക്കെ മഥുരം നുണഞ്ഞിട്ടും അമ്മാളിനു പ്രമേഹമോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്നത് ആശ്വാസം.
Story highlights-old lady eats 40 naranga mittai per day