വേദനയിൽ നിന്ന് മുക്തി നേടി എത്രയും വേഗം പൂർണമായി മടങ്ങിയെത്തും- ആരാധകരോട് പൃഥ്വിരാജ് സുകുമാരൻ
മലയാള സിനിമയായ ‘വിലായത്ത് ബുദ്ധ’യുടെ സ്റ്റണ്ട് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ ലിഗമെന്റ് പൊട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു നടൻ പൃഥ്വിരാജ് സുകുമാരൻ.ശസ്ത്രക്രിയയ്ക്ക് ശേഷം, വിശ്രമിക്കാൻ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ടെന്നും താൻ സുഖം പ്രാപിക്കാനുള്ള പാതയിലാണെന്നും നടൻ പൃഥ്വിരാജ് സുകുമാരൻ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു.
‘അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്താൻ ഏറ്റവും വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയിൽ ഞാനിപ്പോൾ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയിൽ നിന്ന് മുക്തി നേടി എത്രയും വേഗം പൂർണമായി സുഖം പ്രാപിക്കാനും എന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാൻ പോരാടുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തിൽ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി-പൃഥ്വിരാജ് കുറിച്ചു.
രണ്ട് മാസത്തേക്ക് ഫിസിയോതെറാപ്പിയ്ക്ക് വിധേയനായ പൃഥ്വിരാജിന് ഞായറാഴ്ച ഉച്ചയ്ക്ക് ഇടുക്കി ജില്ലയിലെ മറയൂരിൽ സിനിമയുടെ സെറ്റിൽ വെച്ചാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തെ തിങ്കളാഴ്ച താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാപ്പയുടെ തിരക്കഥാകൃത്തായ ജി.ആർ ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ചിത്രത്തിൽ ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
Read Also: 400 രൂപയ്ക്ക് മാഗി! സ്വർണമാണോ ചേർക്കുന്നത്? വൈറലായി വിഡിയോ
‘കാന്താര’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തി നേടിയ അരവിന്ദ് കശ്യപാണ് വിലായത്ത് ബുദ്ധയ്ക്കായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സന്ദീപ് സേനനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതേസമയം, സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ സംവിധാനം സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാരാണ് സാക്ഷാത്കരിക്കുന്നത്.
Story highlights- prithviraj sukumaran about his injury