ഷൂട്ടിങ്ങിനിടെ പരുക്ക്; നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ

June 26, 2023

മറയൂരിൽ സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കാലിന്റെ ലിഗ്‌മെന്റിനു പരുക്കേൽക്കുകയായിരുന്നു.

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാപ്പയുടെ തിരക്കഥാകൃത്തായ ജി.ആർ ഇന്ദുഗോപന്റെ കഥയെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ചിത്രത്തിൽ ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

‘കാന്താര’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്‌തി നേടിയ അരവിന്ദ് കശ്യപാണ് വിലായത്ത് ബുദ്ധയ്ക്കായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സന്ദീപ് സേനനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതേസമയം, സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ സംവിധാനം സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാരാണ് സാക്ഷാത്കരിക്കുന്നത്.  

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

അതേസമയം പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘അയ്യപ്പനും കോശിയും’ ആണ് സച്ചിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഈ ചിത്രം നേടിയതും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തിയത്.

Story highlights-prithviraj sukumaran health update