‘അടുത്ത ഷെഡ്യുളിൽ കാണാം മക്കളെ എന്ന് പറഞ്ഞ് കെട്ടിപിടിച്ചു പോയതല്ലേ സുധിചേട്ടാ!!’- നൊമ്പരത്തോടെ സ്റ്റാർ മാജിക് താരം ശ്രീവിദ്യ

June 5, 2023

കൊല്ലം സുധിയുടെ നിര്യാണം എല്ലാവരെയും നൊമ്പരത്തിലാഴ്ത്തിരിക്കുകയാണ്. 24 കണക്റ്റിന്റെ സമാപനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്ത് വടകരയിൽ നിന്നും മടങ്ങുന്ന വഴിയുണ്ടായ അപകടത്തിൽ ഇന്ന് പുലർച്ചെയാണ് കൊല്ലം സുധി വിടവാങ്ങിയത്. ഫ്ളവേഴ്സിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് കൊല്ലം സുധി ശ്രദ്ധേയനായി മാറിയത്. അതിനാൽ തന്നെ സ്റ്റാർ മാജിക് താരങ്ങൾക്കും അവിശ്വസനീയമായ ഒരു മരണമാണ് സംഭവിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, സ്റ്റാർ മാജിക് താരം ശ്രീവിദ്യ അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ്. ‘അടുത്ത ഷെഡ്യുളിൽ കാണാം മക്കളെ എന്ന് പറഞ്ഞ് കെട്ടിപിടിച്ചു പോയതല്ലേ സുധിചേട്ടാ !! മക്കളെ എന്നുള്ള ആ വിളിക്ക് ഞങ്ങൾ ഇനിയും കാത്തിരിക്കും’- ശ്രീവിദ്യ കുറിക്കുന്നു.

Read also: എന്നും സുധിച്ചേട്ടന്‍ ചിരിപ്പിച്ചിട്ടേയുള്ളൂ, ഇത്ര വേഗം കൊണ്ടുപോകേണ്ടായിരുന്നു…’; തേങ്ങല്‍ അടക്കാനാകാതെ ലക്ഷ്മി നക്ഷത്ര

പ്രേക്ഷകരെ ഹാസ്യത്തിലൂടെ കയ്യിലെടുത്ത സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. വടകരയിൽ ട്വന്റിഫോർ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Story highlights- sreevidhya about kollam sudhi