‘പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു..’- സുധിക്കൊപ്പമുള്ള അവസാന സെൽഫി പങ്കുവെച്ച് ടിനി ടോം

June 5, 2023

കൊല്ലം സുധിയുടെ വേർപാട് ടെലിവിഷൻ- സിനിമ രംഗത്ത് വളരെയധികം നൊമ്പരമാണ് പകരുന്നത്. സിനിമയിലും ചിരി വേദികളിലും നിറഞ്ഞു നിന്ന കൊല്ലം സുധി, 24 കണക്റ്റ് സമാപന പരിപാടിയിൽ പങ്കെടുത്തുമടങ്ങവേ ഉണ്ടായ അപകടത്തിലാണ് മരണമടഞ്ഞത്. ഇന്നലെ വടകരയിൽ നടന്ന പരിപടിയിൽ സുധിക്കൊപ്പം നടൻ ടിനി ടോമും പങ്കെടുത്തിരുന്നു. സുധിയ്‌ക്കൊപ്പം പകർത്തിയ അവസാന സെൽഫി പങ്കുവെച്ചുകൊണ്ട് വൈകാരികമായ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് ടിനി ടോം.

‘ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല.. ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട്‌ വണ്ടികളിൽ ആയിരുന്നു ഞങ്ങൾ തിരിച്ചത്,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു, ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം. എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ .ആദരാഞ്ജലികൾ മുത്തേ’- ടിനി ടോം കുറിക്കുന്നു.

Read Also: എന്നും സുധിച്ചേട്ടന്‍ ചിരിപ്പിച്ചിട്ടേയുള്ളൂ, ഇത്ര വേഗം കൊണ്ടുപോകേണ്ടായിരുന്നു…’; തേങ്ങല്‍ അടക്കാനാകാതെ ലക്ഷ്മി നക്ഷത്ര

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധി അപ്രതീക്ഷിതമായി വിടപറയുമ്പോള്‍ വലിയ ഞെട്ടലിലാണ് മലയാള സിനിമാ, സീരിയല്‍ ലോകം. ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാകുകയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി തുടങ്ങുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ ഈ കലാകാരന്‍ വിടപറയുന്നത് സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് ഉള്‍പ്പെടെയുള്ള സ്വപ്‌നങ്ങള്‍ ബാക്കി വെച്ചാണ്.

Story highlights- tiny tom shares kollam sudhi’s last selfie