താരങ്ങൾ താടി വയ്ക്കുന്നതെന്തിന്?- വി കെ ശ്രീരാമന് രസകരമായ മറുപടിയുമായി മോഹൻലാൽ

June 26, 2023

ഹൃദ്യമായ കുറിപ്പുകളും വിമർശനങ്ങളും നിരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധേയനാണ് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും അഭിനേതാവുമായ വി കെ ശ്രീരാമൻ. ഇപ്പോഴിതാ, താരസംഘടനയായ അമ്മയുടെ മീറ്റിംഗിനിടെ മോഹൻലാലിനോട് ചോദിച്ച ഒരു സംശയവും അതിന് ലഭിച്ച രസകരമായ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താരങ്ങൾ താടി വളർത്തുന്നതെന്തിന് എന്നതിനെ സംബന്ധിച്ച ചോദ്യമാണ് ശ്രദ്ധനേടുന്നത്.

വി കെ ശ്രീരാമന്റെ കുറിപ്പ്;

ഇന്ന് മിഥുനം പതിനൊന്നാണ്.തിങ്കളാഴ്ചയുമാണ്.ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക്. നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ. ആൺതാരങ്ങളും പെൺതാരങ്ങളും ധാരാളം. കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.

ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം? ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിൻ്റെ ദൃഷ്ടാന്തമാണോ? ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു. ‘രോമത്തിന് താരത്തിലുള്ള സ്വാധീനം ‘ എന്ന വിഷയത്തിൽ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിൻ്റെ കുത്ത്.
കുത്തിയതും മറുകുത്തുടനേ വന്നു.

അതവസാനിക്കുന്നതിങ്ങനെ..’രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹൻ്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം. ആകയാലും പ്രിയരേ സുപ്രഭാതം’- വി കെ ശ്രീരാമൻ കുറിക്കുന്നു.

Read Also: അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

‘ഗൂഢാര്‍ഥ ശൃംഗാര വിന്യാസത്തില്‍ നിന്നാണ് ഇത്തരം സംശയം ഉത്ഭവിക്കുന്നത്.ക്ഷീരപഥത്തെ രോമം കൊണ്ട് മൂടുന്ന പോലെ രോമം കൊണ്ടും പല ക്ഷീരപദത്തെ മൂടുന്നു എന്ന സത്യം മനസ്സിലാക്കണം.. എന്തായാലും ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം, രോമപൂര്‍വം’- വി കെ ശ്രീരാമന് മോഹൻലാൽനൽകിയ രസകരമായ മറുപടി ഇതാണ്.

Story highlights- v k sreeraman and mohanlal funny interaction


.