അല്ലു അർജുന്റെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് വിജയ്- വിഡിയോ പങ്കുവെച്ച് പൂജ ഹെഗ്‌ഡെ

June 24, 2023

ചില പാട്ടുകള്‍ അങ്ങനെയാണ്, ദേശത്തിന്റെയും ഭാഷയുടേയും എല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ച് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നു. കാലങ്ങള്‍ ഏറെ പിന്നിട്ടാലും അത്തരം പാട്ടുകള്‍ പ്രേക്ഷക മനസ്സില്‍ നിന്നും വിട്ടകലില്ല. ഇത്തരത്തിലൊന്നാണ് ബുട്ട ബൊമ്മ ഗാനവും. തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തിയ ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാട്ട് പ്രേമികള്‍ക്കൊപ്പം തന്നെ ഡാന്‍സ് പ്രേമികള്‍ക്കിടയിലും മികച്ച സ്വീകാര്യത നേടിയിരുന്നു ഈ ഗാനം. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്‍ക്കുന്നു.

ഇപ്പോഴിതാ, ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന വിജയ്യുടെ വിഡിയോ പങ്കുവയ്ക്കുകയാണ് നടി പൂജ ഹെഗ്‌ഡെ. വിജയ്‌യുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് വിഡിയോ പങ്കുവെച്ചത്. ഏതാനും കുട്ടികൾക്കൊപ്പം വിജയ്‍യും പൂജയും ചുവടുവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

അതേസമയം, ‘അല വൈകുണ്ഠപുരമുലോ’ വലിയ ഹിറ്റായിരുന്നു. മലയാളികളുടെ പ്രിയതാരം ജയറാമും ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തി. ജയറാമിന് പുറമെ മലയാളി താരം ഗോവിന്ദ് പത്മസൂര്യയെയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നിവേദ പേതുരാജ്, തബു, സുശാന്ത്, നവ്ദീപ്, രാഹുല്‍ രാമകൃഷ്ണ, ബ്രഹ്‌മാജി, മുരളി ശര്‍മ്മ, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തി. ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Read Also: പ്രണയവും പരിഭവവും പങ്കുവെച്ച് വയോധിക ദമ്പതികൾ; ഉള്ളുനിറയ്ക്കുന്ന കാഴ്ച

 2020ൽ റിലീസ് ചെയ്ത ചിത്രത്തിന് ബോക്‌സോഫീസ് റെക്കോർഡുകൾ തകർക്കാൻ കഴിഞ്ഞിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ തരംഗമായി മാറിയിരുന്നു. ഹിറ്റ് ഗാനങ്ങളായ രാമുലു രാമുലാ, സമാജവരഗാമന, ബുട്ട ബൊമ്മ എന്നിവ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട ഗാനങ്ങളാണ്. ബുട്ട ബൊമ്മ ഗാനത്തിനാണ് ഏറ്റവുമധികം ആരാധകരുള്ളത്. ഒട്ടേറെ താരങ്ങൾ അല്ലു അർജുന്റെ ഈ ഹിറ്റ് ഗാനത്തിന് ചുവടുവെച്ചിരുന്നു. 

Story highlights- vijay and pooja hegde dance