ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ
ഓൺലൈൻ തട്ടിപ്പുകൾ സജീവമായിരിക്കുന്ന കാലമാണ്. നിരവധി ആളുകളാണ് പണം നഷ്ടമാകുന്ന കബളിപ്പിക്കലുകൾക്ക് വിധേയരാകുന്നത്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ആശങ്കപ്പെടുകയാണ് പലരും ചെയ്യുന്നത്. ഇപ്പോഴിതാ, അതിനായി നിയമ സഹായം തേടുന്നതിനായുള്ള നിർദേശങ്ങൾ നൽകുകയാണ് കേരള പൊലീസ്. ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായാൽ എത്രയും വേഗം, അതായത് പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടുന്നതിനായാണ് കേരളാ പൊലീസ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം. അഥവാ പെട്ട് പോയെന്ന് ഉറപ്പായാൽ അപ്പൊ തന്നെ വിളിക്കണേ..1930. വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്. അതിനാൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സൈബർ ഹെൽപ്പ്ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്.
Read Also: സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവുകൾ മഴയിൽ നൃത്തം ചെയ്യുന്നു; വൈറലായി എഐ ചിത്രങ്ങൾ
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂറിനുള്ളിൽ) സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആയ 1930 ലേക്ക് വിളിച്ചു പരാതി നൽകിയാൽ തട്ടിപ്പുകാർ പണം പിൻവലിക്കുന്നതിന് മുൻപ് തന്നെ ബാങ്ക് വഴിയും മറ്റും ട്രാൻസാക്ഷൻ ബ്ലോക്ക് ചെയ്യാനാകും. അതായത് പണം നഷ്ടമാകാതിരിക്കാൻ നിങ്ങളെ സഹായിക്കാനുള്ള സംവിധാനമാണ് പറഞ്ഞിരിക്കുന്നത്.
Story highlights- cyber crime helpline number