“കേട്ടിട്ടും കേട്ടിട്ടും മതിവരാതെ”; അധ്യാപികയുടെ പാട്ടിന് താളം പിടിച്ച് ശിഷ്യൻ…
അറിവിന്റെയും കലയുടെയും ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്താൻ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ വഴിക്കാട്ടിയാകാറുണ്ട്. അങ്ങനെ അധ്യാപകരെ കിട്ടുക എന്നതും ഭാഗ്യമാണ്. കാരണം വീട് കഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. പേടി കാരണവും ചമ്മൽ കാരണവും പാല കുട്ടികളും കഴിവുകൾ പുറത്തുകാണിക്കാതെ ഒതുക്കി വെക്കാറുണ്ട്. ഇത് പുറത്തെടുക്കാനുള്ള ധൈര്യവും കൂട്ടുമാകാൻ അധ്യാപകർക്ക് കഴിയും. പക്ഷെ നിസാരമായ കാര്യങ്ങൾക്ക് വഴക്ക് പറയുകയും പേടിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെയും നമുക്ക് അറിയാം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുകയാണ് ഒരധ്യാപിക. ( tudent beats on the desk to the teacher’s song )
തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചന ടീച്ചറാണ് ഇപ്പോൾ നാട്ടിലും സ്കൂളിലും താരം. ടീച്ചർക്കൊപ്പം തന്നെ താരമായ മറ്റൊരാൾ കൂടിയുണ്ട്. അഞ്ചാം ക്ലാസുകാരന് അഭിജിത്ത്. അധ്യാപികയുടെ പാട്ടിന് ഡെസ്കിൽ താളം പിടിച്ചാണ് അഭിജിത്ത് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക സംഗീകാധ്യാപികയായി ജോലി ചെയ്യുകയാണ് അഞ്ചന. പലവട്ടം അഭിജിത്ത് ക്ലാസ്മുറിയില്‍ ഡെസ്കില്‍ താളംപിടിക്കുന്നത് ടീച്ചർ കണ്ടിട്ടുമുണ്ട്. എന്നാൽ പിന്നെ ആ കഴിവ് അങ്ങ് എല്ലാവരെയും കാണിക്കാമെന്നും തീരുമാനിച്ചു. ആദ്യം മടിച്ചെങ്കിലും ടീച്ചര്‍ ‘ലാല്ലേ ലാല്ലേ ലാല്ലാല്ലി ലാല്ലേ… ലാല്ലേ ലാല്ലേ ലാല്ലാല്ലി ലാലില്ലല്ലേ…’ എന്ന പാട്ട് പാടിത്തുടങ്ങിയപ്പോള്‍ അഭിജിത്ത് കൊട്ടി തകർത്തു.
Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…
ഇപ്പോൾ ടീച്ചറുടെ പാട്ടും അഭിജിത്തിന്റെ കൊട്ടും ആളുകൾ അങ്ങ് ഏറ്റെടുത്തിരിക്കുകയാണ്. ഗോത്രഭാഷയിലുള്ളവര് സ്ഥിരമായി ആലപിക്കാറുള്ള പാട്ടാണ് ടീച്ചര്‍ പാടിയത്. ആലാപന മികവ് കൊണ്ട് ടീച്ചറും താളം പിടിച്ച് ശിഷ്യനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. ഇതിന്റെ വീഡിയോ പകര്‍ത്തി പിന്നീടിത് അഭിജിത്തിന്റെ ക്ലാസ് ടീച്ചര്‍ പി. അര്‍ഷിതയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ് ഇരുവരുടെയും പാട്ടും കൊട്ടും.
Story highlights – student beats on the desk to the teacher’s song viral video