മഴക്കാലമാണ്; ഭക്ഷണകാര്യത്തിലും വേണം കരുതൽ

July 8, 2023

കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടങ്ങി. മിക്കപ്പോഴും ധാരാളം രോഗങ്ങളും ഇക്കാലത്ത് പലരെയും അലട്ടാറുണ്ട്. പനി, ജലദോഷം, ചുമ, വയറിളക്കം ഇങ്ങനെ നീളുന്നു മഴക്കാല രോഗങ്ങളുടെ പട്ടിക. എന്തിനേറെ പറയുന്നു മഴക്കാലത്ത് ഭക്ഷണ കാര്യത്തിലും നല്ല രീതിയിലുള്ള കരുതല്‍ ആവശ്യമാണ്.

മഴക്കാലത്ത് ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കൂടുതലുണ്ട്. പുറത്തെങ്ങും തണുത്ത കാലാവസ്ഥ ആയതിനാല്‍ ഭക്ഷണകാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും നല്ലതാണ്. ശുചിത്വം ഇല്ലാത്ത ഇടങ്ങളില്‍ നിന്നും ഭക്ഷണങ്ങള്‍ പരമാവധി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഭക്ഷ്യവിഷ ബാധ ഏല്‍ക്കാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്. അതുപോലതന്നെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അധികമായി കഴിക്കുന്നതും അത്ര നല്ലതല്ല. കടുത്ത ആമാശയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.

Read Also: കുഞ്ഞുങ്ങളെപോലെ ശബ്ദമുണ്ടാക്കുന്ന പൂച്ചകൾ- രസകരമായ വിഡിയോ

ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണസാധനങ്ങള്‍ മഴക്കാലത്ത് കൂടുതലായി കഴിക്കുന്നതും അത്ര നല്ലതല്ല. അതുപോലെ തന്നെ ഇലക്കറികളൊക്കെ പാകം ചെയ്യുന്നതിന് മുന്‍പ് നല്ല രീതിയില്‍ വൃത്തിയാക്കേണ്ടതുണ്ട്. തണുപ്പു കാലാവസ്ഥയായതിനാല്‍ ഇലകളില്‍ ചെറുപ്രാണികളും ജീവികളുമൊക്കെ കയറിക്കൂടാനുള്ള സാധ്യതയുണ്ട്. അതേസമയം ഇലക്കറികള്‍ മഴക്കാലത്ത് കൂടുതല്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായകരമാകും.

അതുപോലെതന്നെ മഴക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരം. ജീരകം, ഉലുവ തുടങ്ങിയവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൂടുതല്‍ നല്ലതാണ്. ചുക്കു കാപ്പി കുടിക്കുന്നതും നല്ലതാണ്. മഴക്കാലമായതിനാല്‍ ദാഹം കുറവായിരിക്കും അനുഭവപ്പെടുക. എങ്കിലും വെള്ളം ധാരാളമായി കുടിക്കാന്‍ ശ്രദ്ധിക്കണം.

Story highlights: Foods to avoid in monsoon season