ശമ്പളം 43,000; വൈറലായി ധോണിയുടെ പഴയ നിയമന ഉത്തരവ്
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകനാണ് മഹേന്ദ്ര സിങ് ധോണി. കപിൽ ദേവിന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകൻ കൂടിയാണ് അദ്ദേഹം. സമാനതകളില്ലാത്ത വിജയങ്ങളാണ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
ലോകത്തിലെ സമ്പന്നരായ കായിക താരങ്ങളുടെ നിരയിലും മുന്നിലുണ്ട് താരം. അടുത്തിടെ ട്രേഡിങ് ആന്‍ഡ് ഇന്‍വെസ്റ്റിങ് കമ്പനിയായ സ്റ്റോക്ക് ഗ്രോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,040 കോടിയാണ് ധോണിയുടെ ആസ്തി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഒരിക്കൽ ധോണിയ്ക്ക് കിട്ടിയ ജോലിയുടെ ഉത്തരവാണ്. 2012-ല്‍ ഇന്ത്യ സിമന്റ്സ് ധോണിക്ക് നല്കിയ ഒരു നിയമന ഉത്തരവിന്റെ പകര്‍പ്പ് ഇപ്പോള്‍ ചർച്ചയാകുന്നത്.
ധോണിയുടെ ഐ.പി.എല്‍. ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഉടമകളാണ് ഇന്ത്യ സിമന്റ്സ്. കമ്പനിയുടെ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) സ്ഥാനത്തേക്ക് താരത്തിന് ജോലി വാഗ്ദാനം ചെയ്തുള്ളതാണ് ഈ ഉത്തരവ്. ചെന്നൈയിലെ കമ്പനിയുടെ ഹെഡ് ഓഫീസിലാണ് ജോലി നൽകിയിരിയ്ക്കുന്നത്.
എന്നാല്‍ ഇതിലെ രസകരമായ കാര്യം എന്താണെന്നോ? ധോണിക്ക് അന്ന് വാഗ്ദാനം ചെയ്ത ശമ്പളമാണ്. 43,000 രൂപയാണ് താരത്തിന് അടിസ്ഥാന ശമ്പളമായി കമ്പനി നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയെ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച് തൊട്ടടുത്ത വര്‍ഷമാണ് ധോണിക്ക് ഈ നിയമന ഉത്തരവ് വന്നിരിക്കുന്നത്.
Story highlights – ms-dhoni-job-offer-letter-from-india-cements-goes-viral