പ്രഭാസിന്റെ വില്ലനായി പൃഥ്വിരാജ്- ‘സലാർ’ ടീസറെത്തി

July 6, 2023

ലോകമെങ്ങുമുള്ള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ ‘സലാർ.’ വമ്പൻ ഹിറ്റായ കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമായതിനാൽ ദൃശ്യവിസ്‌മയം തന്നെയായിരിക്കും ചിത്രമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സൂപ്പർ താരം പൃഥ്വിരാജും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വില്ലനായാണ് താരം എത്തുന്നത്.

ശ്രുതി ഹാസൻ ചിത്രത്തിൽ നായികയായി എത്തുന്നു. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്. അതേസമയം, സലാറിൽ താനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ടെന്ന് പ്രഭാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചത്. മികച്ചൊരു നടനാണ് അദ്ദേഹമെന്നും പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറപ്രവർത്തകർക്ക് നന്ദിയുണ്ടെന്നും പ്രഭാസ് പറഞ്ഞു.

Read Also: സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവുകൾ മഴയിൽ നൃത്തം ചെയ്യുന്നു; വൈറലായി എഐ ചിത്രങ്ങൾ

അതേ സമയം സലാറിന്റെ റിലീസ് തീയതി നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. 2023 സെപ്റ്റംബർ 28 ന് ലോകത്താകമാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് ഹോംബാലെ ഫിലിംസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് നിർമ്മാതാക്കൾ റിലീസ് തീയതി അറിയിച്ചത്. പ്രഭാസ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് സൂചന. രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന കഥകളിൽ വ്യത്യസ്‌തമായ രണ്ട് റോളുകളിലാണ് പ്രഭാസെത്തുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ബാഹുബലിയിലും പ്രഭാസ് ഡബിൾ റോളിലെത്തിയിരുന്നു. ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലായിരുന്നു സലാറിന്റെ ചിത്രീകരണം നടന്നത്.

Story highlights- salaar movie teaser