ചിലങ്കയിലും ഡ്രംസിലും ഒരേസമയം താളമിട്ട് ശോഭന; ഒപ്പം നൃത്തവും- അസാധാരണ പ്രകടനം
അഭിനേത്രിയും നർത്തകിയുമായ ശോഭന ഒരു സോഷ്യൽ മീഡിയ ഉപയോക്താവുമാണ്. മാത്രമല്ല, പലപ്പോഴും തന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശോഭന കേരളത്തിൽ വരുന്നത് വിരളമാണ്. ഇപ്പോഴിതാ, മനോഹരമായ ചുവടുകളിലൂടെ വിസ്മയിപ്പിക്കുകയാണ് ശോഭന. ചുവടുകളെന്നാൽ നിസാരമല്ല.
ചിലങ്കയിൽ താളമിട്ടും ഡ്രംസിൽ കൊട്ടിയുമാണ് ശോഭന ചുവടുവയ്ക്കുന്നത്. ഇവയെല്ലാം ഏകോപിപ്പിച്ച് വളരെ അനായാസമായി നടി ചുവടുവയ്ക്കുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശോഭന വിഡിയോ പങ്കുവെച്ചത്. അതേസമയം, ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. ധാരാളം വിദ്യാർത്ഥികൾ ശോഭനയുടെ കീഴിൽ നിരവധി നൃത്തരൂപങ്ങൾ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തിൽ ശ്രദ്ധ ചെലുത്തുന്നതിനാൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമകളിൽ മാത്രമേ ശോഭന ഇപ്പോൾ അഭിനയിക്കാറുള്ളു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ചിത്രീകരണവും ചെന്നൈയിലേക്ക് മാറ്റിയത് ശോഭന അതിലുണ്ടാകണം എന്ന നിർബന്ധം സംവിധായകനായ അനൂപ് സത്യന് ഉണ്ടായിരുന്നതിനാലാണ്.
എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നിലനിർത്തുക എന്നത് ഒരു അസാധാരണ അഭിനേതാവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതിന്റെ മകുടോദാഹരണമാണ് ശോഭന. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും ശോഭന മലയാളികൾക്ക് എന്നും ഗംഗയോ നാഗവല്ലിയോ ആണ്.
Story highlights- shobhana drum dance