ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ടി.വി ചന്ദ്രന്
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ടി.വി ചന്ദ്രന്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരനാണ് ടി.വി ചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം.
സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്ന സംവിധായകന് എന്ന വിശേഷണത്തോടെയാണ് ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് ടി.വി ചന്ദ്രന് തെരെഞ്ഞെടുക്കപ്പെട്ടത്. 1975ല്‍ ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി എത്തിയ ടി.വി ചന്ദ്രന് സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന് എന്നീ നിലകളില്‍ അരനൂറ്റാണ്ടുകാലമായി ചലച്ചിത്രരംഗത്ത് വേറിട്ട സാന്നിധ്യമാണ്.
Read Also: ചിരിയുടെ കൊടിയേറ്റുമായി ‘കുറുക്കൻ’; സെക്കൻഡ് ട്രെയ്ലർ എത്തി
1993ല്‍ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം ഉള്‍പ്പെടെ ഏഴ് ദേശീയ അവാര്‍ഡുകളും 10 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടി. പൊന്തന്മാട, മങ്കമ്മ, ഡാനി, ഓര്‍മ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷന്, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് വിവിധ വിഭാഗങ്ങളില്‍ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ച സിനിമകള്‍. 2021ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ കെ.പി കുമാരന് ചെയര്‍മാനായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Story highlights-T V Chandran has been chosen for J C Daniel Award for 2022