സൈബർ അക്രമണങ്ങൾക്ക് ഒടുവിൽ ട്വിസ്റ്റ്; ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ വൻ വർധനവുമായി അച്ചു ഉമ്മൻ!

August 27, 2023

പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. മത്സരരംഗത്ത് ചാണ്ടി ഉമ്മനാണെങ്കിലും ചർച്ചകളിലെ സജീവ താരം അച്ചു ഉമ്മനാണ്. സഹോദരൻ ഇലക്ഷൻ രംഗത്തേക്ക് എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയ അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം പേജ് ചർച്ചയാക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൾ എന്ന പേരിലല്ല, അച്ചു ഉമ്മന്റെ ഫാഷനും സ്റ്റൈലിഷ് ലുക്കുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായത്. ചിലർ ഇതിനെ എതിർത്തതോടെ കഴിഞ്ഞ ദിവസം അച്ചു തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ, തന്റെ കരിയർ ഫാഷൻ, ട്രാവൽ, ലൈഫ്‌സ്‌റ്റൈൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണെന്നും തന്റെ ജോലിയുടെ ഭാഗമായി നിരവധി ബ്രാൻഡുകളുമായി സഹകരിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അച്ചു പറഞ്ഞു.

വിവാദങ്ങൾ കൊണ്ടുപിടിക്കുമ്പോൾ ഇത് ഒരുതരത്തിൽ അച്ചു ഉമ്മന് ഗുണകരമായി ഭവിക്കുകയായിരുന്നു. സോഷ്യലിടങ്ങളിലെ ചർച്ചകളിലൂടെ ഇപ്പോഴിതാ, 30,000 ലധികം ഫോളോവേഴ്‌സിന്റെ വർധനവാണ് അച്ചു ഉമ്മന്റെ ഇൻസ്റ്റാഗ്രാം പേജിലുണ്ടായിരിക്കുന്നത്. നിലവിൽ അച്ചുവിന് 171K ഫോളോവേഴ്‌സ് ആണുള്ളത്. സൈബർ അക്രമണങ്ങൾക്ക് ഒരുപക്ഷേ, അച്ചു ഉമ്മൻ മനസുകൊണ്ട് നന്ദി പറയുന്നുണ്ടാകും. കാരണം, ഒരു കണ്ടന്റ് ക്രിയേറ്റർ എന്നനിലയിൽ അച്ചുവിന് വലിയൊരു കുതിപ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ, രാഷ്ട്രീയ പ്രവേശനം വിദൂരസ്വപ്നങ്ങളിൽ പോലുമില്ലാത്ത അച്ചു ഉമ്മൻ ചർച്ചാവിഷയമായി എന്നത് പ്രതിപക്ഷത്തെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നടന്ന അച്ചു ഉമ്മൻ ഇൻസ്റ്റാഗ്രാം പേജ് വിഷയം ഇപ്പോൾ അവരുടെ കരിയറിനെ തന്നെ വളരെയധികം വളരാൻ സഹായിച്ചിരിക്കുകയാണ്.

read Also: ഓണാവധിയ്ക്ക് ദൂരയാത്രകൾക്ക് ഒരുങ്ങിയോ? വീടുപൂട്ടി ഇറങ്ങും മുൻപ് ഇക്കാര്യംകൂടി ഓർക്കുക!

വിവാദത്തിന് ശേഷമാണ് അച്ചു ഉമ്മന്റെ കരിയറിനെക്കുറിച്ചും മറ്റും കൂടുതൽ ആളുകൾ അറിഞ്ഞത്. അതോടെ സോഷ്യൽ മീഡിയ പേജുകളിൽ ഫോളോവേഴ്‌സിന്റെ എണ്ണവും വർധിച്ചു. നിരവധി വേറിട്ട സ്റ്റൈൽ ചിത്രങ്ങളാണ് അച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ നേടുന്നത്.

Story highlights- Achu Oomen with a huge increase in Instagram followers