‘മാത്യൂസിനെപ്പോലൊരു ഫീല്‍ എനിക്കും കൊണ്ടുവരാന്‍ പറ്റുമെന്നാണ് തോന്നുന്നത് ലാലേട്ടാ’; അല്‍ഫോന്‍സ് പുത്രന്‍

August 14, 2023

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മോഹൻലാലും രജനികാന്തും.  ഇരുവരും നെൽസൺ സംവിധാനം ചെയ്ത ജയ്‌ലർ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഗസ്റ്റ് വേഷത്തിലായിരുന്നു മോഹൻലാൽ എങ്കിലും അങ്ങേയറ്റം ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ എൻട്രി ആളുകൾ ഏറ്റെടുത്തത്. മോഹൻലാലിൻറെ ലുക്കും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും കൂടി ചേർന്ന് പ്രേക്ഷകർക്ക് ആഘോഷമാണ് ലഭിച്ചത്.

ബോക്‌സ്ഓഫീസില്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ചിത്രം. എന്നാൽ ഇപ്പോൾ മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കുന്ന പ്രതികരണവുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ മാത്യൂസ് എന്ന കഥാപാത്രം പ്രേക്ഷകരെ ആവേശംകൊള്ളിക്കുമ്പോള്‍ അതുപോലൊരു ഫീല്‍ തനിക്കും കൊണ്ടുവരാന്‍ പറ്റുമെന്ന് തോന്നുന്നു എന്നാണ് ‘ജയിലര്‍’ സിനിമയിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച അല്‍ഫോന്‍സ് പറഞ്ഞത്.

read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!

”ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ” എന്നാണ് അല്‍ഫോന്‍സ് ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി കമന്റുകളാണ് ഇതിന് താഴെ വരുന്നത്. ഓഗസ്റ്റ് പത്തിനു റിലീസ് ചെയ്ത ജയിലര്‍ ഇതുവരെ വാരിയത് 300 കോടിയാണ്. തമിഴ്‌നാട്ടില്‍ നിന്നു മാത്രം കലക്ഷന്‍ 80 കോടി പിന്നിട്ടു. കേരളത്തില്‍ ഞായറാഴ്ച മാത്രം നേടിയത് ഏഴ് കോടി രൂപ. 2023 ലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.

Story highlights- alphonse puthren about mohanlal’s look in jailer