അമാനുഷിക കഥകൾ നിറഞ്ഞ നൂറോളം ശില്പങ്ങൾ- ദുരൂഹത പേറി ബഡാ താഴ്വര

August 10, 2023

ഇന്തോനേഷ്യയിലെ സെൻട്രൽ സുലവേസിയിലെ ലോറെ ലിൻഡു ദേശീയ ഉദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഒരു താഴ്വരയാണ് ബഡാ. ഉത്തരം കിട്ടാത്ത ഒട്ടേറെ അടയാളങ്ങളും ശില്പങ്ങളുമാണ് ബഡാ താഴ്വരയുടെ പ്രത്യേകത. നൂറിലധികം ശില്പങ്ങളാണ് ഇവിടെ അങ്ങിങ്ങായി കാണപ്പെടുന്നത്. അവയിൽ മുപ്പതോളം ശില്പങ്ങൾ മനുഷ്യ രൂപത്തിലുള്ളതാണ്. പക്ഷികളും, മൽസ്യവുമെല്ലാം ഈ ശില്പങ്ങളിൽ ഉൾപ്പെടുന്നു. പക്ഷെ, വർഷങ്ങൾക്ക് മുൻപ് തന്നെ കാണപ്പെടുന്ന ശില്പങ്ങൾ ഇന്നും ദുരൂഹത പേറിയാണ് നിൽക്കുന്നത്.

1908ലാണ് ബഡാ താഴ്‌വരയിലെ മെഗാലിത്തുകൾ ആദ്യമായി കണ്ടെത്തിയത്. ആദ്യമായി കണ്ടെത്തിയിട്ട് 100 വർഷങ്ങൾ പിന്നിട്ടിട്ടുണ്ടെങ്കിലും, ഈ വസ്തുക്കളെക്കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. ഈ മെഗാലിത്തുകൾ എപ്പോൾ നിർമ്മിച്ചുവെന്ന് പോലും ശില്പ വിദഗ്ധർക്ക് പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഏകദേശം 5000 വർഷം മുമ്പാണ് കല്ലുകൾ കൊത്തി ശില്പങ്ങൾ ഉണ്ടാക്കിയതെന്ന് ചിലർ അനുമാനിക്കുന്നു. മറ്റുചിലർ സൂചിപ്പിക്കുന്നത് ഏറ്റവും സമീപകാലത്ത്, അതായത് 1000 വർഷങ്ങൾക്ക് മുമ്പാണ് എന്നാണ്. 2000 വർഷങ്ങൾക്ക് മുമ്പ് ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലെ സംസ്കാരമാണ് ഈ മെഗാലിതുകൾക്ക് പിന്നിലെന്നും പറയപ്പെടുന്നു.

ഈ ശില്പങ്ങൾ പൂർവ്വികാരാധനയ്ക്കായി ഉപയോഗിച്ചിരുന്നുവെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. ഇവ എങ്ങനെ നിലവിൽ വന്നു എന്നതിനെക്കുറിച്ചുള്ള കഥകളും പ്രദേശവാസികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. ഈ ശില്പങ്ങൾക്ക് പേരുകളുമുണ്ട്. തടുലാക്കോ എന്നറിയപ്പെടുന്ന ശിൽപം ഒരു കാലത്ത് ഗ്രാമ സംരക്ഷകനായിരുന്നുവെന്ന് കരുതപ്പെടുന്നു. ശാപം കൊണ്ട് കല്ലായി മാറിയതാണെന്നും പറയപ്പെടുന്നു.

Read Also: രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം

ചിലർ വിശ്വസിക്കുന്നത് പ്രതിമകൾ ദുരാത്മാക്കളെ അകറ്റാൻ വേണ്ടിയാണെന്നും മറ്റുചിലർ മെഗാലിത്തുകൾക്ക് അമാനുഷിക ശക്തികളുണ്ടെന്നും അപ്രത്യക്ഷമാകാനോ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറാനോ കഴിയുമെന്നും അവകാശപ്പെടുന്നു. കാഴ്ചയിലും കൗതുകവും കഥകളുമായി സഞ്ചാരികളെ ആകർഷിക്കുകയാണ് ബഡാ താഴ്വര. ഒട്ടേറെ ആളുകൾ ഈ കാഴ്ചകൾ കാണാൻ ഇവിടേക്ക് എത്താറുണ്ട്.

Story highlights- Bada Valley the forest of mysterious buried megaliths