ഈഫൽ ടവറോളം ഉയരമുള്ള പവിഴപ്പുറ്റുകൾ; കടലാഴത്തിലെ വിസ്മയം
മുത്തും പവിഴവുമൊക്കെ പേറി കടലാഴങ്ങളിൽ ഒട്ടേറെ പവിഴപ്പുറ്റുകൾ ഉണ്ടാകാറുണ്ട്. ഒരു മനുഷ്യനോളം വലിപ്പമുള്ള പവിഴപ്പുറ്റുകൾ മാത്രമേ പലരും കണ്ടിട്ടുള്ളു. എന്നാലിതാ, 1600 അടി വിസ്തീർണ്ണമുള്ള വലിയ പവിഴപ്പുറ്റുകൾ ഓസ്ട്രേലിയയിൽ ഗ്രേറ്റ് ബാരിയർ റീഫിൽ ഉണ്ടെന്ന് പറഞ്ഞാലോ? ഇത് ഈഫൽ ടവർ ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടങ്ങളേക്കാൾ ഉയരമുള്ളതാണ് എന്നതാണ് കൗതുകം.
120 വർഷത്തിനിടക്ക് ഇങ്ങനെ കണ്ടെത്തിയ ആദ്യത്തെ പവിഴപ്പുറ്റാണ് ഇത്. റിപ്പോർട്ടുകൾ പ്രകാരം, വടക്കൻ ക്വീൻസ്ലാന്റിൽ നടന്ന പര്യവേഷണത്തിനിടെയാണ് 2020ൽ ഈ ഭീമൻ പവിഴപ്പുറ്റ് കണ്ടെത്തിയത്. സമുദ്ര ഗവേഷണ സംഘടനയായ ഷ്മിഡ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഒരു പാറയുടെ രൂപത്തിലാണ് ഈ പവിഴപ്പുറ്റ് സ്ഥിതിചെയ്യുന്നത്.
തലമുറകളായുള്ള പവിഴത്തിന്റെ വളർച്ച മൂലമാണ് ഇത്തരം പാറകൾ രൂപം കൊള്ളുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ പാറകളുടെ പ്രത്യേകത, ഇവ സമുദ്രനിരപ്പിന് താഴെയുള്ള അനുയോജ്യമായ ആഴത്തിൽ എത്തുന്നതുവരെയാണ് വളരുന്നത്. അതുകൊണ്ടുതന്നെ സമുദ്രനിരപ്പ് മാറിയാലും ഇവ വെള്ളത്തിന് മുകളിലേക്ക് വളർന്നെത്തില്ല.
ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് കെട്ടിടം (381 മീറ്റർ), ഫ്രാൻസിന്റെ ഈഫൽ ടവർ (324 മീറ്റർ) തുടങ്ങിയവയെക്കാളൊക്കെ ഉയരമുണ്ട് ഇവയ്ക്ക്. ഇങ്ങനെയുള്ള ഏഴോളം പവിഴപ്പാറകൾ ഗ്രേറ്റ് ബാരിയർ റീഫിൽ ഉണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി പവിഴത്തിന്റെ 50 ശതമാനത്തോളം നഷ്ടപ്പെട്ടുകഴിഞ്ഞു.എന്നാലും, ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായി ഇന്നും 133000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും ഒട്ടേറെ ജീവജാലങ്ങളുടെ ആവാസകേന്ദ്രവുമായി നിലകൊള്ളുകയാണ്.
Story highlights- Coral reef taller than the Eiffel Tower