ഫ്രിഡ്ജില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

August 18, 2023

ഫ്രിഡ്ജ് ഇന്ന് മിക്കവരുടെയും വീടുകളില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനാണ് പ്രധാനമായും ഫ്രിഡ്ജിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

സാധാരണ ഫ്രിഡ്ജിലും ഫ്രീസറിലുമായി ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാറുണ്ട് പലരും. ഫ്രീസറില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ രണ്ട് ആഴ്ച വരെയും ഫ്രിഡ്ജിലേത് മൂന്ന് ദിവസങ്ങള്‍ വരെയും ഉപയോഗിക്കാം. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജില്‍വെച്ച് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.

അതുപോലെതന്നെ പാകം ചെയ്ത ഭക്ഷണം ഫ്രിഡജില്‍ വയ്ക്കുമ്പോള്‍ ഭക്ഷണപാത്രം തുറന്നുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അലുമിനിയം ഫോയില്‍ കൊണ്ടോ പാത്രത്തിന്റെ അടപ്പ് കൊണ്ട് അടച്ചുവയ്ക്കണം. അല്ലെങ്കില്‍ ഒരുപക്ഷെ ഭക്ഷണത്തിന്റെ ഈര്‍പ്പം നഷ്ടപ്പെട്ട് കേടാവാനുള്ള സാധ്യത കൂടുതലാണ്. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഒരേ റാക്കില്‍ സൂക്ഷിക്കുന്നതും നല്ലതല്ല.

ഇറച്ചി, മീന്‍ തുടങ്ങിയവ ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക കവറുകളിലാക്കി നന്നായി പൊതിഞ്ഞ ശേഷം വേണം ഉപയോഗിക്കാന്‍. മുട്ടകള്‍ വയ്ക്കുമ്പോള്‍ ഫ്രീസറിന്റെ തൊട്ടുതാഴെ വയ്ക്കുന്നത് നല്ലതല്ല. തണുപ്പ് കൂടി മുട്ട പൊട്ടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ മുട്ട ഫ്രിഡ്ജിന്റെ മധ്യ ഭാഗത്തായി സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാല്‍ തൈര്, വെണ്ണ, പാല്‍, ചീസ് മുതലായവ തണുപ്പ് കൂടുതലുള്ള ഫ്രിഡ്ജിന്റെ മുകള്‍ തട്ടിലാണ് സൂക്ഷിക്കേണ്ടത്.

പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജില്‍ പ്രത്യേകം തരംതിരിച്ച് വയ്ക്കുന്നതാണ് നല്ലത്. പച്ചക്കറികള്‍ തണുപ്പ് കുറവുള്ള ഏറ്റവും താഴത്തെ തട്ടില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. കുറഞ്ഞ ഊഷ്മാവാണ് പൊതുവെ പച്ചക്കറികള്‍ക്ക് നല്ലത്.

Read Also: സൈബർ കുറ്റകൃത്യങ്ങൾ വളരെ വേഗത്തിൽ റിപ്പോർട്ട് ചെയ്യാം

ഇതിനെല്ലാം പുറമെ ഫ്രിഡ്ജില്‍ ഒരുപാട് സാധനങ്ങള്‍ കുത്തിനിറച്ച് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു അടുക്കും ചിട്ടയും ഫ്രിഡ്ജില്‍ ആവശ്യമാണ്. അതുപോലെതന്നെ ഇടയ്ക്ക് ഫ്രിഡ്ജ് വൃത്തിയാക്കുകയും വേണം.

Story highlights- how to use fridge properly