പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന കുടുംബത്തിന്റെ ചികിത്സാചെലവ് ഏറ്റെടുത്ത് മമ്മൂട്ടി
പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന് പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും രൗദ്രവും പ്രണയവും ഹാസ്യവും എന്നുതുടങ്ങുന്ന എല്ലാ ഭാവരസങ്ങളും ആവാഹിച്ചെടുത്ത് കഥപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു മഹാനടന്. അതുകൊണ്ടുതന്നെയാണ് ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും മമ്മൂട്ടി എന്ന നടന് ശ്രദ്ധേയനായത്. സിനിമയ്ക്ക് പുറത്തും മമ്മൂട്ടി എന്ന വ്യക്തിയുടെ പ്രഭാവം ചെറുതല്ല. അദ്ദേഹത്തിന്റെ സാമൂഹികപരമായ ഇടപെടലുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമെല്ലാം നിരവധിപ്പേര്‍ക്കാണ് പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ചത്.
ഇപ്പോഴിതാ, പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന കുടുംബത്തിന്റെ ചികിത്സാചെലവ് ഏറ്റെടുത്തിരിക്കുകയാണ് നടൻ. മമ്മൂട്ടിയുടെ പിആർഓ ആയ റോബർട്ട് ജിൻസ് ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്. റോബർട്ടിന്റെ വാക്കുകൾ ഇങ്ങനെ-‘പൊള്ളലേറ്റ് ചികിത്സയ്ക്ക് വിധേയരായ കുടുംബത്തിന് മമ്മൂട്ടിയുടെ കൈത്താങ്ങ്. പൊന്നാനി കടവനാട് സ്വദേശി തെയ്യശ്ശേരി അപ്പുണ്ണിയുടെ മകൻ ബബീഷിന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് മുഴുവൻ തിരിച്ചു നൽകാൻ ആശുപത്രിക്ക് മമ്മൂട്ടി നിർദേശം നൽകി. ബബീഷിന്റെ ഭാര്യ സുനിതയ്ക്കും മകൻ ആരവിനും പൊള്ളലേറ്റതിനെ തുടർന്നാണ് മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറത്തെ പതഞ്ജലി ചികിത്സാ കേന്ദ്രത്തിൽ ഇവർ ചികിത്സ തേടിയെത്തിയത്. ഹൃദ്രോഗബാധിതനായ ബബീഷിന്റെ അച്ഛൻ അപ്പുണ്ണിക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തിക സഹായം മമ്മൂട്ടി നൽകിയിരുന്നു.’.
കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് തന്റെ ചാരിറ്റി ഫൗണ്ടേഷൻ വഴി വയനാട്ടിലെ നിരാലംബരായ ജനങ്ങൾക്ക് നടൻ ഓണക്കോടി സമ്മാനിച്ചിരുന്നു. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ചിലെ കാരക്കണ്ടി കോളനിയിലെ 15 കുടുംബങ്ങളിലെ 77 ഓളം പേർക്കാണ് ഓണക്കോടി വിതരണം ചെയ്തത്.
Read Also: ഏഷ്യയിൽ ഏറ്റവും വലുതെന്ന വേൾഡ് റെക്കോർഡ് നേടി ശ്രീനഗറിലെ തുലിപ് ഗാർഡൻ
അതേസമയം, വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് മമ്മൂട്ടി വിസ്മയങ്ങള്‍ ഒരുക്കുന്നു. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.
Story highlights- mammootty’s charity work