വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഉൽക്കാവർഷം കാണാം; ആകാശ വിസ്മയം ഓഗസ്റ്റ് 12, 13 തീയതികളിൽ
ഈ വർഷത്തെ ഏറ്റവും മികച്ച ആകാശ കാഴ്ചകളിലൊന്നായി കണക്കാക്കപ്പെടുന്ന പെർസീഡ് ഉൽക്കാവർഷം ഈ വാരാന്ത്യത്തിൽ ദൃശ്യമാകും. വടക്കൻ അർദ്ധഗോളത്തിൽ ആകാശത്തെ പ്രകാശപൂരിതമാക്കുകയും ചെയ്യും. പെർസീഡുകൾ കാഴ്ചക്കാരെ അതിശയകരമായ ഒരു അനുഭവത്തിലേക്ക് നയിക്കാറുണ്ട്.
അമേരിക്കൻ മെറ്റിയർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, ആഗസ്റ്റ് 12, 13 തീയതികളിൽ അതിമനോഹരമായ പെർസീഡ് ഉൽക്കാവർഷം ദൃശ്യമാകും. ചന്ദ്രക്കല വെറും 10% പ്രകാശിതമായിരിക്കും, ഇത് ചന്ദ്രപ്രകാശത്തിന്റെ തടസ്സം കുറയ്ക്കുകയും കാഴ്ചയ്ക്ക് അനുയോജ്യമായ സമയമാക്കുകയും ചെയ്യും. ഇത് കാഴ്ചക്കാർക്ക് ഉൽക്കാവർഷം തടസ്സമില്ലാതെ ആസ്വദിക്കാൻ അനുവദിക്കുന്നു.
വർഷംതോറുമുള്ള ഉൽക്കാവർഷം ഇത്തവണ രാത്രി 12 മുതൽ പുലർച്ചെ 3 മണിവരെ ദൃശ്യമാകും. മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകൾ ആകാശത്ത് ദൃശ്യമാകും എന്നാണ് നിഗമനം. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറയുടെ ഭാഗങ്ങളും തരികളുമാണ് ഉൽക്കകൾ.
സെക്കൻഡിൽ 11 മുതൽ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ചൂടു പിടിക്കുന്നു. ഈ തീപ്പൊരികളാണ് രാത്രിയിൽ ആകാശത്ത് ദൃശ്യമാകുന്നത്.
Story highlights- perseids meteor shower