വിഷലിപ്തമായ ചാരത്തിൽ മൂടി കെട്ടിടങ്ങൾ; പൊട്ടിത്തെറികൾ കാത്ത് ഏകാന്തമായൊരു നഗരം

August 14, 2023

വെസ്റ്റ് ഇൻഡീസിലെ ലിവാർഡ് ദ്വീപ് ശൃംഖലയിൽ സ്ഥിതിചെയ്യുന്ന മോണ്ട്സെറാത്ത് ദ്വീപിലെ ഒരു പ്രേത നഗരമാണ് പ്ലിമൗത്ത്. ബ്രിട്ടീഷ് അധീനതയിലുള്ള ഈ നഗരം അറിയപ്പെടുന്നത് അഗ്നിപർവത സ്ഫോടങ്ങളുടെ ഭാഗമായി മരണമടഞ്ഞവരുടെയും ചാരത്തിൽ മുങ്ങിയ മണ്ണിലൂടെയുമാണ്. കെട്ടിടങ്ങളോളം ഉയരത്തിലാണ് അഗ്നിസ്‌ഫോടനങ്ങളുടെ ഫലമായുള്ള ചാരം ഈ മണ്ണിനെ മൂടിയിരിക്കുന്നത്. സഞ്ചാരികൾക്ക് മേൽക്കൂര മാത്രമുള്ള ചില കെട്ടിടങ്ങൾ അങ്ങിങ്ങായി കാണാം. എന്നാൽ, ഈ നഗരത്തിലേക്ക് പ്രവേശിക്കണമെങ്കിൽ നിർബന്ധമായും ചെരുപ്പ് ധരിക്കണം. കാരണം, അത്രയധികം വിഷലിപ്തമാണ്‌ പ്ലിമൗത്ത്.

1632-ൽ മോണ്ട്സെറാത്ത് ദ്വീപിൽ ആദ്യത്തെ യൂറോപ്യൻ കോളനി സ്ഥാപിതമായ ശേഷം 1636-ൽ പ്ലിമൗത്തും സജീവമായിരുന്നു. ഭൂകമ്പത്തിൽ നിന്നും ചുഴലിക്കാറ്റിൽ നിന്നും ഉണ്ടായ നാശനഷ്ടത്തെത്തുടർന്ന് ഒട്ടേറെ തവണ ഈ നഗരം പുനർനിർമിക്കേണ്ടിവന്നിരുന്നു. എന്നിട്ടും അരികെ പതിയിരുന്ന വലിയ അപകടം സ്ഥലവാസികൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല. കനത്ത കൊടുങ്കാറ്റുകൾ പിന്നെയും ഇവിടെയുണ്ടായി. 1989 ൽ ഭീകരമായ കൊടുങ്കാറ്റിൽ നഗരം പൂർണമായും തകർന്നു പോയി.

എന്നാൽ, ഏറ്റവും ഭീകരമായ പൊട്ടിത്തെറി 1995ലാണ് സംഭവിച്ചത്. നൂറ്റാണ്ടുകളായി നിഷ്‌ക്രിയമായിരുന്ന സൗഫ്രിയർ ഹിൽസ് അഗ്നിപർവ്വതത്തിൽ വൻ പൊട്ടിത്തെറികൾ സംഭവിച്ചു. തലസ്ഥാനമായ പ്ലിമൗത്ത് ഉൾപ്പെടെ തെക്കൻ മോണ്ട്സെറാത്തിന്റെ വിശാലമായ പ്രദേശത്ത് പൈറോക്ലാസ്റ്റിക് പ്രവാഹങ്ങളും ചാരവും പതിച്ചു. നഗരം അതീവ ഗുരുതരാവസ്ഥയിലാണെന്നു ബോധ്യമായതോടെ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഏതാനും മാസങ്ങൾക്കുശേഷം താമസക്കാരെ ഇവിടേക്ക് തിരികെ വരാനും അനുവദിച്ചു. സ്വന്തം മണ്ണിലേക്ക് വീണ്ടും സ്വപ്നങ്ങളുമായി ജനങ്ങൾ എത്തി. എന്നാൽ, അതിലും ഭീകരമായ മറ്റൊരു പൊട്ടിത്തെറിയാണ് അവരെ കാത്തിരുന്നത്.

Read also: രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം

1997ൽ കൂടുതൽ പൊട്ടിത്തെറികൾ സംഭവിച്ചു. അഗ്നിപർവത സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെടുകയും ചെയ്തു. വീണ്ടും പ്ലിമൗത്ത് ഒഴിപ്പിച്ചു. നഗരത്തിൽ 30 മുതൽ 40 അടി വരെ ചാരം വന്നു മൂടി. പൊട്ടിത്തെറിയ്ക്ക് ശേഷം ദ്വീപിലെ 12,000 നിവാസികളിൽ മൂന്നിൽ രണ്ട് ഭാഗവും ഇംഗ്ലണ്ടിലേക്ക് പോയി. ഇന്ന്, പോംപൈ എന്ന് വിളിക്കപ്പെടുന്ന പ്ലിമൗത്ത് ഇപ്പോഴും വാസയോഗ്യമല്ല. അപകടകരമായ അഗ്നിപർവ്വത പ്രവർത്തനങ്ങൾ കാരണം സന്ദർശകരെ കാൽനടയായി നഗരം സന്ദർശിക്കാൻ അനുവദിക്കില്ല. ബോട്ട് ടൂറുകൾ നടത്താനും വെള്ളത്തിൽ നിന്ന് പ്ലിമൗത്ത് കാണാനും കഴിയും. മുൻപ് ഇവിടേക്ക് ആളുകൾക്ക് എത്തിപ്പെടാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഓരോ വർഷവും കടന്നുപോകുമ്പോൾ, പ്ലിമൗത്തിൽ കൂടുതൽ അവശിഷ്ടങ്ങൾ മൂടുന്നു.

Story highlights- plymouth montserrat