തടാകത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജയിലും, ബഹുനില കെട്ടിടങ്ങളും!
കാലങ്ങൾ ഓരോ വ്യക്തിയിലും വരുത്തുന്ന മാറ്റങ്ങൾ അത്ഭുതപ്പെടുത്താറില്ലേ? അത്തരത്തിൽ പ്രകൃതിയും ഒട്ടേറെ വിസ്മയങ്ങൾ ഒരുക്കാറുണ്ട്. ഒരിക്കൽ കണ്ട ഇടങ്ങൾ വർഷങ്ങൾക്ക് ശേഷം പ്രതീക്ഷിക്കാത്ത രൂപത്തിലും ഭാവത്തിലും സ്വയം മാറിയ ഒട്ടേറെ സംഭവങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അങ്ങനെയൊന്നാണ് എസ്റ്റോണിയയിലെ റമ്യു പ്രിസൺ.
ഒരു സോവിയറ്റ് ജയിലായിരുന്നു റമ്യു പ്രിസൺ. അവിടെ പാർപ്പിച്ചിരുന്ന തടവുപുള്ളികൾ സമീപത്തുള്ള ക്വാറിയിൽ ജോലിയും ചെയ്തിരുന്നു. എന്നാൽ, അന്നൊന്നും അവിടം പിന്നീട് മനോഹരമായൊരു ഡൈവിങ് അനുഭവം സമ്മാനിക്കുന്ന ഇടമായി മാറുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
എസ്റ്റോണിയൻ പട്ടണമായ റമ്യുവിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഈ ജയിൽ പിന്നീട് ഉപേക്ഷിക്കപ്പെട്ടു. അന്ന് ഭീമാകാരമായ കൽഭിത്തികളും അഴികളുമൊക്കെയായി ഒരു ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ച ഇടം പിന്നീട് മനോഹരമായ ബീച്ചായി മാറുകയായിരുന്നു. 1940 കളിൽ സോവിയറ്റ് യൂണിയൻ സ്ഥാപിച്ചതാണ് ഈ ജയിൽ. ചുണ്ണാമ്പുകല്ല് വെട്ടിയെടുക്കാനുള്ള സൗകര്യം നോക്കിയാണ് അന്ന് അവിടെ ജയിൽ നിർമിച്ചത്. തടവുപുള്ളികൾക്ക് ചുണ്ണാമ്പുകല്ല് ക്വാറിയിൽ ജോലി ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നു.
1991ൽ എസ്റ്റോണിയ സ്വാതന്ത്ര്യം വീണ്ടെടുത്തപ്പോൾ സോവിയറ്റ് യൂണിയൻ പിന്മാറി. സോവിയറ്റ് സ്ഥാപനങ്ങൾ എല്ലാം തകർന്നു. അതിലൊന്നായിരുന്നു റമ്യുവിലെ ഈ ജയിലും. തടവറയും ക്വാറിയും ഉപേക്ഷിക്കപ്പെട്ടു. ആരുമെത്താതെ കിടന്ന ഈ സ്ഥലത്തേക്ക് ഭൂഗർഭജലം ഒഴുകിയെത്തി. ഒരു നിയന്ത്രണമോ ഒന്നുമില്ലാതായതോടെ വെള്ളം പെട്ടെന്ന് തന്നെ ഈ പ്രദേശത്ത് നിറഞ്ഞു. പെട്ടെന്നാണ് ഇവിടെ ഒരു തടാകം തനിയെ രൂപപ്പെട്ടത്.
ഉപേക്ഷിക്കപ്പെട്ട കൂറ്റൻ ഖനന യന്ത്രങ്ങളും ബഹുനില കെട്ടിടളുമെല്ലാം പൂർണ്ണമായോ ഭാഗികമായോ വെള്ളത്തിനിടയിലായി. ഇന്ന്, ഇവിടമൊരു ഡൈവിങ് കേന്ദ്രവും ബീച്ചുമൊക്കെയാണ്. തടവറയിൽ ചിലത് കരയിലുണ്ട്. തെളിഞ്ഞ വെള്ളത്തിനടിയിൽ മുങ്ങിയ കെട്ടിടങ്ങളും കാണാം. ഒട്ടേറെ അവശിഷ്ടങ്ങൾ തടാകത്തിൽ ഉള്ളതുകൊണ്ട് മുങ്ങൽ വിദഗ്ധർക്കും ഇവിടം പ്രിയപ്പെട്ട ഇടമാണ്.
Story highlights- rummu prison