‘ചില മാഷുമ്മാർ പി ടി പീരിയഡിൽ ക്ലാസ്സെടുക്കാൻ ശ്രമിക്കുന്നുണ്ട്, അത് നടക്കില്ല’ – സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ രസികൻ പ്രസംഗവുമായി ഒരു മിടുക്കി

August 17, 2023

സ്മാർട്ടാണ് പുതിയ തലമുറ. ഒന്നിൽ മാത്രമല്ല, എന്തിലും മികവ് പുലർത്താനും കുറവുകളെ അംഗീകരിച്ച് എന്തിലാണോ സ്വയം അഭിരുചി എന്നത് കണ്ടെത്തി മുന്നേറാൻ പുത്തൻ തലമുറയ്ക്ക് നല്ല ഉത്സാഹമുണ്ട്. ഡിജിറ്റൽ യുഗം ഇത്തരത്തിൽ നല്ലൊരു മാറ്റത്തിനും കൂടി കാരണമായിട്ടുണ്ട് എന്ന് പറയാൻ സാധിക്കും. വളരെ ആത്മവിശ്വാസത്തോടുകൂടി സംസാരിക്കാൻ സാധിക്കുന്ന കുട്ടികൾ എപ്പോഴും ശ്രദ്ധേയരാകാറുണ്ട്. ഇപ്പോഴിതാ, ഒരു സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ് ശ്രദ്ധേയമാകുകയാണ്. കേരളത്തിലെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകൾ അനുസ്മരിപ്പിച്ച് കൊണ്ട് പ്രസംഗിക്കുന്ന ഒരു പെൺകുട്ടിയാണ് ഇപ്പോൾ താരമാകുന്നത്.

അവളുടെ ഓരോ വാക്കിനും കയ്യടിയും പൊട്ടിച്ചിരിയും ഉയരുകയാണ്. കണ്ണംകോട് ടി പി ജി മെമ്മോറിയൽ സ്‌കൂളിലെ ശ്രീനന്ദ എന്ന കുട്ടിയാണ് വിഡിയോയിലുള്ളതെന്നാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. വലിയ വാഗ്ദാനങ്ങളാണ് കുട്ടി മൈക്കിലൂടെ പങ്കുവയ്ക്കുന്നത്. ‘ചില മാഷുമ്മാർ പി ടി പീരിയഡിൽ ക്ലാസ്സെടുക്കാൻ ശ്രമിക്കുന്നുണ്ട്, അത് നടക്കില്ല’ എന്നാണ് കുട്ടി പറയുന്നത്. പി ടി പീരിയഡ് നമ്മുടെ അവകാശം ആണെന്നും ഇതൊക്കെ താൻ ലീഡറായാൽ ശെരിയാക്കാമെന്നും കുട്ടി പറയുന്നു.

Read also: രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുംമുൻപ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ച് പെൺകുട്ടി- വൈകാരിക നിമിഷം

അധ്യാപകർ ബുധനാഴ്ച ദിവസം കളർ ഡ്രസ്സിട്ട് വരുന്നതിനെക്കുറിച്ചും കുട്ടി വിമർശനത്തോടെ സംസാരിക്കുന്നു. പച്ച ചുരിദാർ, പച്ച ചെരുപ്പ്, കമ്മൽ എന്നിങ്ങനെ ആകർഷകമായ രീതിയിൽ വരുന്നതും ബ്രാൻഡഡ് ഷർട്ടും ചെരുപ്പുമൊക്കെ അണിഞ്ഞ് വരുന്നതും കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നും, വിദ്യാർത്ഥികളെ പോലെ അധ്യാപകരും ബുധനാഴ്ചകളിൽ യൂണിഫോമിൽ എത്തണമെന്നും കുട്ടി ആവശ്യപ്പെടുന്നു. ഇതൊക്കെ താൻ ലീഡറായാൽ സാധ്യമാക്കാം എന്നും സത്യം ചെയ്യുകയാണ് ഈ മിടുക്കി. പേന ചിഹ്നത്തിലാണ് കുട്ടി തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

Story highlights- school leader election