തനിച്ചു പോകാം സ്വപ്ന യാത്രകൾ; പക്ഷേ, ഓർമ്മയിലുണ്ടാകണം ഈ കാര്യങ്ങൾ
യാത്രകൾ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം യാത്ര പോകുന്നവരാവും ഭൂരിഭാഗം ആളുകളും. ഇന്നോളം കണ്ടിട്ടില്ലാത്ത നാടുകളും ഇടപെട്ടിട്ടില്ലാത്ത ആളുകളും അറിഞ്ഞിട്ടില്ലാത്ത രുചികളും അത്തരം യാത്രകളുടെ ഭംഗി ഒന്നുകൂടെ കൂട്ടും. എന്നാൽ തനിച്ചൊരു യാത്ര പോയി നോക്കിയിട്ടുണ്ടോ? പുറത്തു പറയാത്ത സ്വപ്നമായി ദൂരേയ്ക് തനിച്ചൊരു യാത്ര സ്വപ്നം കാണുന്നവർ നമുക്കിടയിലുമുണ്ട്. തനിച്ചുള്ള യാത്രകൾ എപ്പോളും മറ്റുള്ളവരെ ആശ്രയിക്കാതെ നമ്മുടെ മാത്രം തീരുമാനങ്ങളെ ആശ്രയിച്ചാകും എപ്പോളും ഉണ്ടാവുക. ഒരാളുടെ സ്വാതന്ത്യ്രത്തിന്റെ എല്ലാ അതിരുകളിലൂടെയും സഞ്ചരിക്കാൻ ഇത്തരം യാത്രകൾ സഹായിക്കും. തനിച്ചുള്ള യാത്രകളുടെ ഭംഗിയറിയാൻ അത്തരം യാത്രകൾ പോവുകത്തന്നെ ചെയ്യണം. ഈവിധം ഒരു യാത്ര സ്വപ്നം കാണുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ടതും മനസിലാക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്.
തനിച്ചൊരു യാത്ര എന്ന ആശയം മനസ്സിൽ വരുമ്പോൾ തന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്ന നിരവധി ചോദ്യങ്ങൾ മനസിലുണ്ടാവുക സ്വാഭാവികമാണ്. യാത്ര എവിടേക്ക് വേണം ? തനിച്ചുള്ള യാത്രയിൽ പ്രതിസന്ധികൾ അനവധിയാകുമോ ? അതിനെ എല്ലാം തരണം ചെയ്യാൻ സാധിക്കുമോ? ഇതിനെല്ലാമപ്പുറം സുരക്ഷിതമാകുമോ ഈ യാത്ര ? തുടങ്ങി മനസ് മടുപ്പിക്കുന്ന ചോദ്യങ്ങൾ മനസിലേക്കോടി എത്തുക സ്വാഭാവികമാണ്.
യാത്ര എവിടേക്കാവണം എന്നുള്ളതാണ് ഏറ്റവും പ്രധാനമായ തീരുമാനമാവേണ്ടത്. തനിച്ചുള്ള യാത്ര എപ്പോളും മനസിന് കുളിര്മയേകുവാനും സമാധാനം നൽകുവാനും ഉപകരിക്കും.അതുകൊണ്ട് തന്നെ അത്തരമൊരു സ്ഥലം തെരഞ്ഞെടുക്കുകയാകും നല്ലത്.അതുമല്ലെങ്കിൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്ത ശേഷം അതിൽ നിന്നും സൗകര്യപൂർണമായ ഒന്ന് ഉറപ്പിക്കുക. അധികം ആളുകൾ ഇല്ലാത്തതും സ്വകാര്യത ആസ്വദിക്കാൻ കഴിയുന്നതുമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് നന്നാവും. ഇതിനു മുൻപ് പോയിട്ടുള്ളതോ അല്ലെങ്കിൽ പ്രസ്തമായ വിനോദ സഞ്ചാരികൾ ഇഷ്ടപ്പെടുന്നതോ ആയ സ്ഥലങ്ങളും തനിച്ചു യാത്ര പോകാൻ നല്ലതാണ്.
യാത്ര പോകുന്നതിനു മുൻപ് തന്നെ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ച് വിശദമായി അന്വേഷിക്കുകയും ഒരു പഠനം നടത്തുകയും വേണം. ബുക്കുകൾ , ഇന്റർനെറ്റ് ,ആഹ് സ്ഥലവുമായി കൂടുതൽ പരിചയമുള്ളവർ അല്ലെങ്കിൽ മുൻപ് പോയിട്ടുള്ളവർ എന്നിവരുടെ സഹായം തേടാം. യാത്രക്കിടയിലും ഇവയുടെല്ലാം സഹായം ഉണ്ടാകും എന്ന് ഉറപ്പു വരുത്തുക. യാത്രയ്ക്ക് പോകും മുൻപ് തന്നെ കുടുംബത്തിന്റെ പിന്തുണ നേടുക പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ചും മറ്റും പറഞ്ഞു മനസിലാക്കുക . യാത്രയ്ക്കിടയിലെ അവരുമായി ബന്ധം പുലർത്തുക. ഇതൊക്കെ തന്നെ യാത്രയുടെ സുരക്ഷയ്ക്ക് അനിവാര്യമാണ് .
യാത്രപോകുന്നതിനു ദിവസങ്ങളോ ആഴ്ചകളോ മുൻപ് തന്നെ താമസസ്ഥലവും യാത്രയ്ക്ക് വേണ്ട മറ്റു സൗകര്യങ്ങളും ഏർപ്പാടാക്കുക. യാത്ര എങ്ങനെ വേണം എന്ന കൃത്യമായ പദ്ധതി ഉണ്ടായിരിക്കണം. താമസിക്കുവാനായി പരമാവധി ആ നാടിനെ കൂടുതൽ അറിയത്തക്ക വിധത്തിലുള്ള താമസസ്ഥലങ്ങൾ നോക്കുക. അവിടുത്തെ തനത് ഭക്ഷണം ,ആളുകളുടെ ജീവിതരീതി എന്നിവ അറിയുന്നതിന് ഇത് സഹായകമാവും.
യാത്രയ്ക്കാവശ്യമായ സാധനങ്ങൾ കയ്യിൽ കരുതിയിട്ടുണ്ട് എന്ന് പുറപ്പെടുന്നതിനു മുൻപ് തന്നെ ഉറപ്പ് വരുത്തണം. ആവശ്യമായ പണം,വസ്ത്രങ്ങൾ , ഭക്ഷണം തുടങ്ങി അനിവാര്യമായതെല്ലാം കരുതുക. വലുപ്പമുള്ളതും വിലയേറിയതുമായ വസ്തുക്കൾ പരമാവധി ഒഴിവാക്കുന്നതാണ് യാത്രയുടെ സുരക്ഷയ്ക്ക് നല്ലത്. ഇഷ്ടമുള്ള ഒരു ബുക്ക് , പാട്ടുകേൾക്കാനും യാത്ര റെക്കോർഡ് ചെയ്യാനും കഴിയുന്ന ഉപകരണങ്ങൾ , ഒരു ചെറിയ പോക്കറ്റ് ഡയറി എന്നിവ കരുതുന്നത് നന്നായിരിക്കും.
പണച്ചിലവ് കുറയ്ക്കുന്നതിനും കൂടുതൽ യാത്ര സൗകര്യപ്രദമാക്കുവാനും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നന്നാവും. യാത്രയുടെ ഭംഗി ആസ്വദിക്കുവാനും പോകുന്ന സ്ഥലത്തെ ജീവിത രീതിയെ കുറിച്ച് കൂടുതൽ അറിയുവാനും ഇത് സഹായകരമാവും .അതുപോലെ തന്നെ പരമാവധി ആളുകളുമായി ഇടപെഴകുവാനും സംസാരിക്കുവാനും സൗഹൃദബന്ധങ്ങൾ സ്ഥാപിക്കുവാനും ശ്രമിക്കണം. ഇതൊക്കെ തന്നെ യാത്രയെ കൂടുതൽ മനോഹരവും ഉപകാരപ്രദവുമാക്കും.
Read Also: മാസ്ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
ജീവിതത്തിൽ ഒരിക്കൽ എങ്കിലും തനിച്ചു ഒരു യാത്ര നിർബന്ധമായും പോകണം. പലതും പഠിക്കുവാനും തിരിച്ചറിയുവാനും ഇത്തരമൊരു യാത്ര കൂടുതൽ സഹായകരമാവും . ഒരു പക്ഷെ നമ്മളെ തന്നെ കൂടുതൽ അടുത്തറിയാൻ ഇത്തരമൊരു യാത്രകൊണ്ടാകും.
Story highlights- solo trip guide