വലിച്ചെറിഞ്ഞ കുപ്പികൾകൊണ്ട് തീർത്ത വർണ്ണ മതിൽ; ശ്രദ്ധനേടി പ്രതീക്ഷയുടെ മതിൽ
എങ്ങോട്ട് തിരിഞ്ഞാലും പ്ലാസ്റ്റിക് മാലിന്യങ്ങളാൽ സമ്പന്നമാണ് ലോകം. കൃത്യമായ സംസ്കരണ രീതികൾ ഇല്ലാതെ, ഇങ്ങനെ കൂനകൂടുന്ന പ്ലാസ്റ്റിക്കുകൾ ഓരോ നാടിനെയും അലങ്കോലമാക്കാറുണ്ട്. എന്നാൽ വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിൽ ഈ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്കുകളാൽ ഒരുക്കിയ വർണ്ണ മതിൽ ഒരു പ്രതീകമായി നിലകൊള്ളുകയാണ്.15000 പ്ലാസ്റ്റിക് കുപ്പികളിൽ നിന്നാണ് ‘വാൾ ഓഫ് ഹോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന മതിൽ നിർമിച്ചിരിക്കുന്നത്.
എല്ലാ ആഴ്ചയിലും സഞ്ചാരികളെകൊണ്ട് നിറയുന്ന സ്ഥലമാണ് മസൂറി ഹിൽ സ്റ്റേഷൻ. വാരാന്ത്യത്തിൽ ഡൽഹിയിൽ നിന്നും പഞ്ചാബിൽ നിന്നുമൊക്കെ ആളുകൾ ഇവിടെക്കെത്തും. ഹിൽസ്റ്റേഷനിലെത്തുമ്പോൾ യാത്രക്കാർക്ക് മാലിന്യം ഉപേക്ഷിക്കാതിരിക്കാൻ പ്രചോദനം നൽകാനുള്ള മസൂറിയിലെ ജനങ്ങളുടെ ശ്രമമാണ് ഈ ‘വാൾ ഓഫ് ഹോപ്പ്’. ഗോവ മ്യൂസിയത്തിന്റെ സ്ഥാപകനായ സുബോദ് കെർക്കറാണ് മതിലിന്റെ രൂപകൽപ്പനയ്ക്ക് പിന്നിൽ. ഹിൽഡാരി പദ്ധതിയുടെ ഭാഗമാണ് മതിൽ. മസൂറിയെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഹിൽ സ്റ്റേഷനുകളിലൊന്നാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണിത്.
യാത്രക്കാർ ഉപേക്ഷിച്ച കുപ്പികളിൽ നിന്നുമാണ് മതിൽ നിർമിച്ചത്. മതിൽ പണിയുന്നതിനായി സ്കൂളിൽ നിന്നും കോളേജുകളിൽ നിന്നുമായി 50 ഓളം വോളന്റിയർമാർ എത്തി. ഗ്രാമത്തിലെ നാട്ടുകാരും ഈ സംരംഭത്തിൽ പങ്കെടുത്തു. അവരെല്ലാം അനായാസമായി പ്രവർത്തിച്ചു ഈ പദ്ധതി വിജയകരമാക്കി. 2019ലാണ് വാൾ ഓഫ് ഹോപ് പണികഴിപ്പിച്ചത്.
Story highlights- wall of hope MUSSOORIE