ഇതൊരു ഒന്നൊന്നര സ്‌ക്വാഡ്; ത്രില്ലടിപ്പിച്ചും ത്രസിപ്പിച്ചും പ്രേക്ഷക ഹൃദയം കീഴടക്കി “കണ്ണൂർ സ്‌ക്വാഡ്”!!

September 28, 2023

തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകന്റെ കാഴ്ചാനുഭവത്തെ പൂർണമായി തൃപ്തിപ്പെടുത്തുന്നൊരു സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. മമ്മുട്ടി കമ്പനിയുടെ പുറത്തിറങ്ങുന്ന മൂന്നാമത്തെ സിനിമ എന്നത് കൊണ്ട് തന്നെ തുടക്കം മുതലേ സിനിമയ്ക്കുണ്ടായിരുന്ന ഹൈപ്പുകളൊന്നും വെറുതെയായില്ല. അത്രത്തോളം മികവാർന്ന സിനിമ തന്നെയാണ് കണ്ണൂർ സ്‌ക്വാഡ്. കേരളം കടന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറ്റാന്വേഷണത്തിനായി യാത്ര ചെയ്യുന്ന, ത്രില്ലർ സ്വഭാവത്തിൽ കഥ പറഞ്ഞ് പോകുന്ന സിനിമ ഒരു റോഡ് മൂവി കൂടിയാണ്. (Movie Review “Kannur Squad”)

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മുട്ടി അഭിനയത്തിന്റെ അത്രമേൽ സുന്ദരമായ ഭാവ തലങ്ങളിലൂടെ ഈ സിനിമയിൽ യാത്ര ചെയ്യുന്നുണ്ട്. മമ്മുട്ടിക്കൊപ്പം കണ്ണൂർ സ്‌ക്വാഡിന്റെ ഭാഗമായെത്തുന്ന അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ് എന്നിവർ സിനിമയിലുടനീളം മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുന്നു. പഴുതുകളടച്ച തിരക്കഥയുടെ ബലത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമ സംവിധായക മികവുകൊണ്ട് കൂടി ശ്രദ്ധേയമാണ് എന്നതും പ്രശംസനീയം. നിരവധി സിനിമകൾക്ക് മികച്ച ദൃശ്യങ്ങളൊരുക്കിയ റോബി വർഗീസ് രാജാണ് കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ. സംവിധായകൻ റോബിയുടെ സഹോദരൻ കൂടിയായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

10 ദിവസം കൊണ്ട് പ്രതികളെ കണ്ടുപിടിക്കേണ്ട ഒരു കുറ്റാന്വേഷണ കേസ് കണ്ണൂർ സ്‌ക്വാഡിനെ ഏൽപ്പിക്കുന്നതാണ് സിനിമയുടെ സുപ്രധാന ഭാഗം. പിന്നീടുള്ള അവരുടെ തന്ത്രപരമായ കുറ്റാന്വേഷണ യാത്ര സിനിമയിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. മികവാർന്ന സംഘട്ടന രംഗങ്ങളും ഉൾപ്പെട്ട സിനിമയെ കൂടുതൽ എൻഗേജിങ് ആക്കുന്നത് സിനിമയുടെ പശ്ചാത്തല സംഗീതം കൂടിയാണ്. സുഷിൻ ശ്യാമിന്റെ സംഗീതം എടുത്ത് പറയേണ്ടത് ഒന്നുതന്നെയാണ്.

ക്രൂരമായ കുറ്റകൃത്യം ചെയ്തിറങ്ങിയ പ്രതികളെ പിടിക്കാനിറങ്ങിയ കണ്ണൂർ സ്‌ക്വാഡിൻറെ കഥ പറയുമ്പോഴും ചിത്രം വളരെ സാധാരണക്കാരായ പോലീസുകാരുടെ ജീവിതത്തെ കൂടി കൃത്യമായി വരച്ചിടുന്നുണ്ട്. കേസിലെ പ്രതികളെ പിടിക്കാനായി നടത്തുന്ന യാത്രയ്ക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ മനുഷ്യന്റെ ജീവിത രാഷ്ട്രീയത്തെയും ചർച്ചയാക്കേണ്ട വിധം കൃത്യമായി അവതരിപ്പിക്കുന്നുണ്ട് .

എഎസ്ഐ ജോർജ്, മമ്മുട്ടി തുടങ്ങിയവരുടെ കഥാപത്രം കാലങ്ങളോളം പ്രേക്ഷക ഹൃദയത്തിൽ കസേര വലിച്ചിട്ട് ഇടം പിടിക്കുമെന്നുറപ്പാണ്. ഒരു പോലീസ് കുറ്റാന്വേഷണ സിനിമ എന്നതിനപ്പുറം മനുഷ്യ ജീവിതത്തിന്റെ തെളിമയുള്ള ചിത്രം കൂടി ആസ്വാദകനിലേക്കെത്തിക്കുന്നുണ്ട്. തിയേറ്ററിൽ തന്നെ കാണണമെന്ന് ഉറപ്പിച്ച് പറയാവുന്ന സിനിമ. മലയാളത്തിന്റെ കളക്ഷൻ റെക്കോർഡിലും ചലനമുണ്ടാക്കുമെന്ന് ഉറപ്പിക്കുകയാണ് ആദ്യ ദിവസം തന്നെ.

Story highlights – Movie Review “Kannur Squad”