പ്രണയ സാഫല്യം; ബോളിവുഡ് നടി പരിനീതി ചോപ്ര വിവാഹിതയായി
ബോളിവുഡ് നടി പരിനീതി ചോപ്ര വിവാഹിതയായി. എഎപി നേതാവ് രാഘവ് ഛദ്ദയാണ് നടിയുടെ വരൻ. ഞായറാഴ്ച ഉദയ്പൂരിൽ വെച്ച് ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ലീല പാലസിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര നിർമ്മിച്ച വിവാഹ വസ്ത്രമാണ് വധു പരിനീതി ചോപ്ര ധരിച്ചത്. വിവാഹശേഷം സമൂഹമാധ്യമങ്ങളിൽ നടി ഔദ്യോഗിക പ്രഖ്യാപനവും നടത്തി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വിവാഹ ചടങ്ങി പങ്കെടുത്തിരുന്നു. സാനിയ മിർസ, ഹർഭജൻ സിംഗ്, സഞ്ജയ് സിംഗ്, ആദിത്യ താക്കറെ, മനീഷ് മൽഹോത്ര എന്നിങ്ങനെ പ്രമുഖരെല്ലാം അണിനിരന്നിരുന്നു.വിവാഹത്തിന് മുമ്പ് ഉദയ്പൂരിൽ പരിനീതിയും രാഘവും സംഗീത ചടങ്ങ് നടത്തിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.
‘ബ്രേക്ക്ഫാസ്റ്റ് ടേബിളിലെ ആദ്യത്തെ ചാറ്റ് മുതൽ, ഞങ്ങളുടെ ഹൃദയം പരസ്പരം അറിഞ്ഞു. ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു.. ഒടുവിൽ മിസ്റ്റർ ആൻഡ് മിസ്സിസ് ആകാൻ സാധിച്ചതിൽ ഭാഗ്യം! പരസ്പരം ഇല്ലാതെ ജീവിക്കാൻ ആവുമായിരുന്നില്ല.. നമ്മുടെ എന്നെന്നേക്കുമായുള്ള യാത്ര ഇപ്പോൾ തുടങ്ങുന്നു..’- പരിനീതി കുറിക്കുന്നു.
Read also: തക്കാളി മുതൽ കറ്റാർവാഴ വരെ; മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ ചില എളുപ്പവഴികൾ
മെയ് 13 ന് ന്യൂഡൽഹിയിലെ കപൂർത്തല ഹൗസിൽ വച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് പരിനീതിയും രാഘവും വിവാഹ നിശ്ചയം നടത്തിയത്. ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി മാൻ, മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം, ശിവസേന നേതാവ് ആദിത്യ താക്കറെ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും താരനിബിഡമായ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തു.
Story highlights- parineeti chopra and rakhav marriage