ആയുധമൊന്നും ഇല്ലാതെ അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് പഠിക്കാം; സ്ത്രീ സുരക്ഷയ്ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി
ഇന്ന്, ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ എല്ലായിടത്തും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. അത് ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുന്നു എന്ന് നിസംശയം പറയാം. കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുകയാണ്. വീട്ടിലും പുറത്തും സ്ത്രീകൾ സുരക്ഷിതരല്ല. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ സഞ്ചാരികളും ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ അപകടകരമായ അവസ്ഥയിലാണ്. ഇപ്പോഴിതാ,
സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് കേരള പോലീസ് നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി.
ആയുധമൊന്നും ഇല്ലാതെ കൈ, കാല്മുട്ട്, തല, തോള് മുതലായ ശരീരഭാഗങ്ങള് ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് ഇതിലൂടെ തികച്ചും സൗജന്യമായി പഠിപ്പിക്കും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന് കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതല്. വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിങ്ങനെ ആർക്കും ഈ പരിശീലനത്തിനായി പോലീസിനെ സമീപിക്കാം. നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് സൗജന്യമായി പരിശീലനം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
Read Also: സ്റ്റേഷനിൽ പോകാതെ പോലീസിൽ പരാതി നൽകാം..
സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകള്ക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ ടീം നൽകുന്ന ഈ പരിശീലനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമാണ്. പരിശീലനം ആവശ്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക.
Story highlights- safety of women in kerala training by kerala police