കല്യാണത്തേക്കാളും കുട്ടികളുണ്ടായതിനെക്കാളുമൊക്കെ വലിയ സന്തോഷം; വീൽ ചെയറിലിരുന്ന് സ്‌കൂളിലെത്തി അറുപത്തിയേഴുകാരി

October 18, 2023

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാകുന്നത് ‘തിരികെ സ്‌കൂളിൽ’ എന്ന കുടുംബശ്രീയുടെ പദ്ധതിയാണ്. വർഷങ്ങൾക്ക് ശേഷം 46 ലക്ഷം വനിതകൾ വിദ്യാലയത്തിന്റെ മുറ്റത്തേക്ക് എത്തുകയാണ്. പഠിക്കാനും കളിക്കാനും ആ ഓർമകൾക്ക് മിഴിവേകാനുമായാണ് ഈ മടക്കം. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെയാണ് ഈ ക്യാമ്പയിൻ നടക്കുന്നത്. അവധി ദിനങ്ങളിൽ നടക്കുന്ന ഈ പരിപാടിക്കായി രണ്ടായിരത്തോളം സ്‌കൂളുകൾ തയ്യാറായിട്ടുണ്ട്. ഇപ്പോഴിതാ, ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളിലേക്ക് എത്തിയ ഒരു അമ്മയുടെ വിശേഷം പങ്കുവയ്ക്കുകയാണ് മന്ത്രി എം ബി രാജേഷ്.

വീൽചെയറിൽ സ്‌കൂളിലേക്ക് എത്തിയതാണ് എറണാകുളം കുന്നുകരിയിലെ ലളിതാമണി എന്ന ‘അമ്മ. ആദ്യമായാണ് ഈ ‘അമ്മ സ്‌കൂളിൽ പോകുന്നത്. അറുപത്തിയേഴാം വയസിൽ ആദ്യമായി സ്‌കൂളിൽ പോയതിന്റെ സന്തോഷം ഈ അമ്മയ്ക്ക് അടക്കാനാകുന്നതുമല്ല. ഈ പ്രായത്തിനിടയ്ക്ക് സ്‌കൂളിൽ ചേർത്തിട്ടുമില്ല, സ്‌കൂൾ കണ്ടിട്ടുമില്ല എന്നും ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് കേട്ടപ്പോൾ വരണമെന്ന് തോന്നിയെന്നും ലളിതാമണി പങ്കുവയ്ക്കുന്നു.

Read also: അനുയോജ്യനായ പങ്കാളിയെ കണ്ടെത്തിയില്ല, സ്വയം വിവാഹം കഴിച്ച് യുവതി; ചെലവാക്കിയത് 20 വർഷത്തെ സമ്പാദ്യം

‘വരണം, സമൂഹത്തിലിറങ്ങണം, പഠിക്കണം, അറിവ് സമ്പാദിക്കണം..ഇതൊക്കെയാണ് എന്റെ മനസ്സിൽ. വീട്ടിലിരിക്കുമ്പോൾ മനസിന് ആകെയൊരു അസ്വസ്ഥതയാണ്.കെട്ടുകഴിഞ്ഞപ്പോൾ വരണമെന്ന് തോന്നി. എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല, സന്തോഷം. എന്നെ കാണാൻ വേണ്ടി മാത്രമാണ് ക്ലാസ്സിലേക്ക് കയറിയതെന്നാണ് സാർ പറഞ്ഞത്. അത് തന്ന അനുഭവം ചെറുതല്ല. ഇതിലും വലിയൊരു സന്തോഷം എനിക്കിനി വരാനില്ല. കല്യാണം കഴിഞ്ഞു, കുട്ടികളുണ്ടായി, അവർക്കും കുട്ടികളുണ്ടായി. പക്ഷെ അതിലും വലിയൊരു കാര്യമാണ് എനിക്കിവിടെ കിട്ടിയത്’- ലളിതാമണി ‘അമ്മ പറയുന്നു.

Story highlights- 67 year old women back to school in wheelchair