“മനസ്സ് തുറന്നു ചിരിക്കണ്ടേ”; വിഷാദം തടയുന്ന 7 ശീലങ്ങൾ

October 31, 2023

ഒരു ചുമയോ പനിയോ വന്നാൽ ആശുപത്രിയിലേക്ക് ഓടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ മാനസികാരോഗ്യത്തിന് അർഹിക്കുന്ന പ്രാധാന്യവും ശ്രദ്ധയും നൽകാൻ നമ്മളിന്നും മടിക്കുന്നു. ശരീരത്തിനെന്ന പോലെ തന്നെ മനസ്സിനും അസ്വാസ്ഥ്യം തോന്നുന്നുണ്ടെങ്കിൽ ചികിത്സ തേടുക തന്നെ വേണം. (7 habits that help prevent depression)

വിഷാദരോഗ ബോധവത്ക്കരണ മാസമായ ഒക്ടോബർ ഇന്ന് അവസാനിക്കുമ്പോൾ, വിഷാദം 57 ശതമാനം വരെ തടയാൻ സഹായിക്കുന്ന ഏഴു ശീലങ്ങളെ പരിചയപ്പെടാം. ‘നേച്ചർ മെന്റൽ ഹെൽത്ത്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച 9 വർഷം നീണ്ട പഠനത്തെ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകളാണിവ.

Read also: നോഹയുടെ പെട്ടകമാണോ ഇത്? തുർക്കിയിൽ 5000 വർഷം പഴക്കമുള്ള ബോട്ടിന്റെ ആകൃതിയിലുള്ള കുന്ന് കണ്ടെത്തി

സമീകൃത ആഹാരം: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഭക്ഷണക്രമം ശീലമാക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത 6 ശതമാനം കുറയ്ക്കും. സംസ്കരിച്ചതായ ഭക്ഷണപദാർത്ഥങ്ങളും ജങ്ക് ഫുഡും കഴിക്കുന്നത് ഒഴിവാക്കാം.

മദ്യപാനം മിതമായ അളവിൽ മാത്രം: മിതമായ മദ്യപാനം, അതായത് സ്ത്രീകൾ ദിവസേന ഒരു ഗ്ലാസിൽ കൂടാതെയും പുരുഷന്മാർ രണ്ട് ഗ്ലാസിൽ കൂടാതെയും ഏറ്റവും മിതമായ രീതിയിൽ കൊണ്ടുപോകുന്നത് ഉത്തമം. പഠനമനുസരിച്ച് അമിതമായ മദ്യപാനം ഓക്സിഡേറ്റീവ് സ്ട്രെസ്, ന്യൂറോ അഡാപ്റ്റീവ് മാറ്റങ്ങൾ, മസ്തിഷ്ക ഘടനയിലും പ്രവർത്തനത്തിലും വ്യത്യാസങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഇവയെല്ലാം മാനസികാരോഗ്യ വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

പുകവലി പൂർണമായും ഒഴിവാക്കാം: പുകവലിക്കാത്തത് വിഷാദരോഗത്തിനുള്ള സാധ്യത 20 ശതമാനം കുറക്കുന്നതായി പഠനത്തിൽ കണ്ടെത്തി. സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും വിഷാദരോഗ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടതിനാൽ മസ്തിഷ്ക ക്ഷതം വരെ ഉണ്ടാക്കിയേക്കാം എന്നും ജേണലിൻറെ രചയിതാക്കൾ നിർദ്ദേശിക്കുന്നു.

ഇടവേളകൾ പ്രധാനം: ദീർഘനേരം ഒരേ ജോലിയിൽ മുഴുകുന്നത് മാനസികാരോഗ്യത്തിന് അനുയോജ്യമല്ല. ഇടയ്ക്കിടെ ഇടവേളകൾ എടുക്കുന്നതും സ്‌ക്രീനിൽ നിന്ന് മാറിനിൽക്കുന്നതും വിഷാദത്തിനുള്ള സാധ്യത 13 ശതമാനം വരെ ആളുകളിൽ കുറച്ചതായി കണ്ടെത്തി.

ദിവസവും വ്യായാമം: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിഷാദത്തിനുള്ള സാധ്യത 14 ശതമാനം വരെ കുറയ്ക്കുന്നതായി കണ്ടെത്തി.

സുഖമായി ഉറങ്ങാം: പതിവായി രാത്രി 7-9 മണിക്കൂർ ഉറങ്ങുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണെന്ന് പഠനം കണ്ടെത്തി. കൃത്യമായ ഉറക്കം 22 ശതമാനം വരെ വിഷാദത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

ചേർത്തുനിർത്താം പ്രിയപ്പെട്ടവരെ: മരുന്നിനേക്കാൾ പ്രധാനമാണ് പ്രിയപ്പെട്ടവരുടെ സ്നേഹവും സാമിഭ്യവും. ശക്തമായ സാമൂഹിക ബന്ധങ്ങളും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണയുള്ള ഒരു സാമൂഹിക വലയം തീർക്കുന്നതും ഏറെ സഹായകരമാണ്.

എല്ലാറ്റിലുമുപരി ആരെക്കാളും നമ്മളെ തന്നെ സ്നേഹിക്കാൻ പഠിക്കുക. മറ്റുള്ളവരെ കരുതുന്നത് പോലെ നമുക്ക് വേണ്ട ശ്രദ്ധയും പ്രാധാന്യവും നൽകാൻ മറക്കരുത്. ഈ യാത്ര അത്ര എളുപ്പമല്ല, ഓരോ ദിവസവും ചെറു കാൽവെയ്പ്പുകൾ വെച്ച് നമുക്ക് മുൻപോട്ട് പോകാം. ഇനി അഭിനയിക്കാതെ മനസ്സ് തുറന്നു ചിരിക്കണ്ടേ നമുക്ക്!!

Story highlights: 7 habits that help prevent depression