കുട്ടികളിലെ വിഷാദ രോഗം; അച്ഛനും അമ്മയും അറിഞ്ഞിരിക്കേണം, ഈ കാര്യങ്ങൾ..

March 21, 2023
Clinical depression in kids



തങ്ങളുടെ കുട്ടികൾ എപ്പോഴും ഊർജസ്വലരും മിടുക്കന്മാരും ആകാൻ വേണ്ടി എത്ര പണം ചിലവിടാനും മടികാണിക്കാത്തവരാണ് ഇന്നത്തെ മാതാപിതാക്കൾ. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നല്കണം, വിലകൂടിയ ഗിഫ്റ്റുകളും സാധനങ്ങളും വാങ്ങി നല്കണം എന്നൊക്കെ കരുതുന്ന മാതാപിതാക്കൾ പലപ്പോഴും തിരക്കേറിയ തങ്ങളുടെ ജീവിതത്തിനിടയ്ക്ക് സൗകര്യപൂർവം മറക്കുന്ന ഒരു കാര്യമാണ് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുക എന്നത്.

അവർക്ക് വേണ്ടിയല്ലേ ഞങ്ങൾ കഷ്ടപ്പെടുന്നത് എന്ന് പറയുന്ന എല്ലാ മാതാപിതാക്കളും അറിയേണ്ട ഒരു കാര്യമുണ്ട്. മക്കൾക്ക് ഏറ്റവും ആവശ്യം അച്ഛന്റെയും അമ്മയുടെയും സാന്നിധ്യം തന്നെയാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ ഒന്നിനും ആർക്കും സമയമില്ല. പകലൊക്കെ ജോലിത്തിരക്ക്, ജോലി കഴിഞ്ഞ് വന്നാൽ ക്ഷീണം, ഇതിനിടയിൽ കുട്ടികൾക്ക് ഏറ്റവും വിലപിടിപ്പുള്ള ഫോണും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകും. എന്നാൽ മാതാപിതാക്കൾ ജോലിക്കു പോകുന്ന വീടുകളിലെ ചെറിയ കുഞ്ഞുങ്ങളെ മിക്കപ്പോഴും ഡേ കെയറിലാണ് ഏൽപ്പിക്കാറ്. എന്നാൽ അവർ എത്രയൊക്കെ നന്നായി നോക്കിയാലും ഇത് ഒരിക്കലും മാതാപിതാക്കൾക്ക് പകരമാവില്ലല്ലോ.

ഡേ കെയറിലും മറ്റുമാക്കുന്ന കുട്ടികളിൽ വിഷാദ രോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരത്തിൽ ഡേ കെയറിലും മറ്റുമാക്കുന്ന കുട്ടികളിൽ വൈകാരികമായ വളർച്ച കുറയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ കുട്ടികളിൽ ഭാവിയിൽ അമിതമായ ദേഷ്യം , വാശി തുടങ്ങിയവ കാണാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ കഴിവതും കിട്ടുന്ന സമയങ്ങൾ കുട്ടികൾക്കൊപ്പം ചിലവിടാൻ ശ്രമിക്കണം. അവർക്ക് പറയാനുള്ളത് കേൾക്കാനും, അവരുടെ ഇഷ്ടങ്ങളെ കേൾക്കാനും, അവർക്ക് നല്ലൊരു സുഹൃത്തായി ഇരിക്കാനും ശ്രമിക്കണം. അതുപോലെ കുട്ടികളെ അമിതമായി വഴക്കു പറയുന്നതും കഴിവതും ഒഴിവാക്കണം. അനാവശ്യമായി ശിക്ഷിക്കുന്നതിന് പകരം സ്നേഹത്തിൽ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കണം.

Read Also: ഹിറ്റ് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ- വിഡിയോ

അതോടൊപ്പം കുട്ടികൾക്ക് മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ കൊടുക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം ഇത് നന്മയെക്കാളേറെ ദോഷമാണ് പ്രധാനം ചെയ്യുക.

Story highlights- Clinical depression in kids