സഹപാഠിക്ക് വിവാഹ സമ്മാനമായി സ്വർണ്ണക്കട്ടി; ആളുകളെ കുടുകുടാ ചിരിപ്പിച്ച് നാല് വയസ്സുകാരൻ!

January 7, 2024

പരിശുദ്ധിയുടെയും നിഷ്കളങ്കതയുടെയും പ്രതീകമാണ് കുട്ടികൾ. കളങ്കം തെല്ലുമില്ലാതെ അവർ ചെയ്തുവെക്കുന്ന പല കുസൃതികളും വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. ചിരിയുണർത്തുന്ന അത്തരം സംഭവങ്ങൾക്കിടയിൽ വ്യത്യസ്തമാണ് അടുത്തിടെ ചൈനയിൽ നടന്നൊരു സംഭവം. കേൾക്കുന്നവരെ ആദ്യം അമ്പരപ്പിക്കുകയും പിന്നെ കുടുകുടാ ചിരിപ്പിക്കുകയും ചെയ്ത സംഭവം എന്തെന്നറിയാം. (4 year old gift gold bars to girl as engagement gift)

നാല് വയസ്സുകാരൻ തന്റെ നഴ്‌സറി ക്ലാസിലെ പെൺകുട്ടിക്ക് വിവാഹ സമ്മാനമായി 15,000 യുഎസ് ഡോളർ അതായത് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ നൽകിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ഡിസംബർ 22 ന് തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഗ്വാങ്‌ആനിൽ കൊച്ചു പെൺകുട്ടി ആവേശത്തോടെ അസാധാരണമായ സമ്മാനം മാതാപിതാക്കളെ കാണിച്ചപ്പോഴാണ് രസകരമായ സംഭവത്തിന്റെ ചുരുളഴിയുന്നത്.

Read also: ‘മിന്നൽ മുരളിയും സ്പിന്നർ മുരളിയും കണ്ടുമുട്ടിയപ്പോൾ’; ഫാൻ മൊമന്റുമായി ടൊവിനോ..!

ഞെട്ടലിലും ആശയക്കുഴപ്പത്തിലുമായ പെൺകുട്ടിയുടെ രക്ഷിതാവ് അടുത്ത ദിവസം തന്റെ സഹപാഠിക്ക് സമ്മാനം തിരികെ നൽകണമെന്ന് പറഞ്ഞു. അവർ കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. ആൺകുട്ടിയുടെ മാതാപിതാക്കൾ ക്ഷമാപണം നടത്തുകയും സ്വർണ്ണക്കട്ടികൾ തന്റെ ഭാവി ഭാര്യക്ക് വേണ്ടി സൂക്ഷിച്ചിരിക്കുകയാണെന്ന് തങ്ങൾ മകനെ അറിയിച്ചിരുന്നതായി അവരോട് പറയുകയും ചെയ്തു. എന്നാൽ അത് രഹസ്യമായി പുറത്തെടുത്ത് പെൺകുട്ടിക്ക് കൊടുക്കുമെന്ന് തങ്ങൾ ഒരിക്കലും കരുതിയിലെന്നും രക്ഷിതാക്കൾ പറയുന്നു.

സംഭവം സമൂഹ മാധ്യമങ്ങളിലാകെ ചിരി പടർത്തുകയാണ്. അതോടൊപ്പം തന്നെ കുട്ടികൾ പങ്കിടുന്ന മനോഹരമായ സൗഹൃദം ആളുകൾ ആസ്വദിക്കുകയും ചെയ്തു. ചിലർ സമാനമായ കഥകളും പങ്കുവച്ചു.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ചൈനയിൽ ഒരു ആൺകുട്ടി തന്റെ കിന്റർഗാർട്ടനിലെ പെൺകുട്ടിക്ക് നൽകാനായി അമ്മയുടെ സ്വർണ്ണ വളയെടുത്തു. മകനെ പിടികൂടിയതിന് ശേഷം ആഭരണങ്ങൾ സൂക്ഷിക്കാൻ ടീച്ചർ മുന്നറിയിപ്പ് നൽകിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. എന്തിനാണ് വള എടുത്തതെന്ന് അമ്മ ചോദിച്ചപ്പോൾ തന്റെ കിന്റർഗാർട്ടനിൽ സുഹൃത്തായ ഒരു പെൺകുട്ടിക്ക് ഇത് സമ്മാനമായി നൽകാനാണെന്നായിരുന്നു കുട്ടിയുടെ മറുപടി.

Story highlights: 4 year old gifts gold bars to girl as engagement gift