കണ്ണീരിന്റെയും ചോരയുടെയും ഓർമ്മകൾ മാത്രമല്ല, പ്രണയവും ഒത്തുചേരലും പൂവിട്ട ഇടനാഴി; ബോംബാക്രമണത്തിന്റെ ഭീകരതയിലും മങ്ങാത്ത ഓർമ്മകൾ പങ്കുവെച്ച് യുവാവ്!!

October 25, 2023
Destroyed memories of Gaza’s bombed Ahli Hospital

ഗാസയിൽ പൊഴിഞ്ഞുവീഴുന്ന ജീവനുകൾ, ആളുകളുടെ കൂട്ടക്കരച്ചിലുകൾ, വേദനയുടെയും കണ്ണീരിന്റെയും ഹൃദയം തകരുന്ന ദൃശ്യങ്ങൾ. യുദ്ധങ്ങൾ എന്നും ബാക്കിവെച്ചിട്ടുള്ളത് വേദന മാത്രമാണ് എന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ് ഇസ്രയേൽ – ഹമാസ് യുദ്ധം. കണ്ടുനിൽക്കാനാകാത്ത ദുരന്തകാഴ്ചകൾക്കു മാത്രമല്ല കാലങ്ങൾ പഴക്കമുള്ള ആഴമേറിയ ഒരു പ്രണയ കഥകൂടി ഗാസയിലെ ഈ ആശുപ്രത്രി ഇടനാഴിയ്ക്ക് പറയാനുണ്ട്. അൽ-അഹ്ലി -അറബ് ഹോസ്പിറ്റൽ സാക്ഷ്യം വഹിക്കുന്നത് കണ്ടുനിൽക്കാനാകാത്ത ദിവസങ്ങളാണ്‌. ചോരയുടെ മണം മാത്രമല്ല പ്രണയത്തിന്റെ കഥ കൂടി അൽ-അഹ്ലി -അറബ് ഹോസ്പിറ്റലിന് പറയാനുണ്ട്. കാനഡയിൽ സൈക്കോതെറാപ്പിസ്റ്റായ ഹമാം ഫറാ പങ്കുവെച്ച ഓർമകളാണ് ഇപ്പോൾ വാർത്തകളിൽ ശ്രദ്ധനേടുന്നത്. (Destroyed memories of Gaza’s bombed Ahli Hospital)

ഒരു ആശുപത്രിയുടെ ഇടനാഴിയിൽ പ്രണയം പൂവിടുന്നത് വളരെ വിരളമാണ്. എന്നാൽ ഗാസയിലെ അൽ-അഹ്ലി -അറബ് ഹോസ്പിറ്റൽ  ഒരു സാധാരണ ആശുപത്രി എന്നതിലുപരി ഹമാം ഫറയ്ക്ക് ഓർമകളുടെ കൂടാരം കൂടിയാണ്. “ദി പീപ്പിൾസ് അറബിക് ഹോസ്പിറ്റൽ” എന്ന് അറബിയിൽ അർത്ഥം വരുന്ന ഈ ആശുപത്രിയിൽ ഫറയുടെ വേരുകൾ കൂടിയുണ്ട്. ഇവിടെയാണ്‌ ഫറായുടെ മുത്തച്ഛൻ എലിയാസ് ഫറാ, തന്റെ പതിനേഴാം വയസ്സിൽ ജോലി ആരംഭിച്ചത്. കഫെറ്റീരിയയിലെ വിളമ്പുകാരനായി ജോലി തുടങ്ങിയ അദ്ദേഹം പിന്നീട് മരുന്ന്, ഭക്ഷണം തുടങ്ങി മറ്റു അവശ്യവസ്തുക്കളുടെ വിതരണ മേധാവിയായി മാറി.

ഒരിക്കൽ ആശുപത്രിയിൽ വെച്ച് ലേഡി സുര എന്ന് വിളിപ്പേരുള്ള യുവതിയെ എലിയാസ് കണ്ടുമുട്ടി. സ്ഥിരമായി ആശുപത്രി സന്ദർശിച്ചിരുന്ന ലേഡി സുര തൊട്ടടുത്തുള്ള “ബീച്ച് ബി” പ്രാഥമിക വിദ്യാലയത്തിലെ പ്രിൻസിപ്പലായിരുന്നു. അധികം വൈകാതെ തന്നെ അവൾ തൻ്റെ ജീവിത സഖിയായി വരുമെന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചിരുന്നു. അവിടെ വെച്ചാണ് അവരുടെ പ്രണയ കഥ ആരംഭിക്കുന്നത്.

തൻ്റെ മുത്തച്ഛനും മുത്തശ്ശിയും കണ്ടുമുട്ടിയ അതേ ആശുപത്രിയിൽ ഏകദേശം നാൽപതു വർഷങ്ങൾക്ക്‌ ശേഷം ഫറായും ജനിച്ചു വീണു. ഇന്ന് ഫറാ ഗാസ സന്ദർശിച്ചിട്ട് 23 വർഷങ്ങൾ പിന്നിടുന്നുവെങ്കിലും തൻ്റെ ബാല്യകാലവും, ഓർമകളും ഇന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു.

Read also: “രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കില്‍”; ഡെങ്കിപ്പേടിയില്‍ കേരളം!!

1967 നു ശേഷം ഗാസയിലെ ഇസ്രായേൽ അധിനിവേശത്തെ ചെറുക്കാൻ മറ്റുള്ളവർ ആയുധം എടുത്തപ്പോൾ തന്റെ മുത്തശ്ശി അഭയാർത്ഥികളെ ആത്മാഭിമാനത്തോടെയും ധൈര്യത്തോടെയും സന്ദർഭങ്ങളെ നേരിടാൻ  പഠിപ്പിച്ചു എന്ന് ഫറാ ഓർക്കുന്നു. സ്നേഹ സമ്പന്നയായ അവർ പഠിപ്പിച്ച വിദ്യാലയം പിന്നീട് “ദി സ്‌കൂൾ ഓഫ് ലേഡി സുര” എന്നറിയപ്പെട്ടു. മുത്തച്ഛൻ സ്ഥിരമായി ഫറയെ ആശുപത്രി സന്ദർശിക്കാൻ കൊണ്ട് പോകുമായിരുന്നു.

അവിടെ എന്നും കുട്ടികൾ ഒരു പിംഗ് പോംഗ് മേശക്കു ചുറ്റും കളിക്കുമായിരുന്നെന്നും അതൊരു സാമൂഹ്യ കേന്ദ്രമായിരുന്നു എന്നും അവിടെ എന്നും അത്താഴം വിളമ്പിയിരുന്നുവെന്നും ഫറാ ഓർക്കുന്നു. എന്നാൽ ഇപ്പോൾ അവിടെ കാണുന്ന കാഴ്ച കൂട്ടക്കൊല ചെയ്ത മൃതദേഹങ്ങൾ  കൂനകൂടി കിടക്കുന്നതാണ്. ഒരു സ്മാരകത്തിന്റെ ഓർമ കൂടെ ഇല്ലാതായിരിക്കുന്നു. ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോൾ ആ ഇടനാഴിയ്ക്ക് പങ്കുവെക്കാനുള്ളത്.

തൻ്റെ സഹോദരങ്ങൾ ഒന്നൊന്നായി കടന്നുപോകുമ്പോഴും, ഭീതിയുടെ നിഴലിൽ ദിവസങ്ങൾ കഴിച്ചുകൂട്ടുമ്പോഴും എന്നും ഓർമയുടെ തൂലികയിൽ  വെളിച്ചം കെടാതെ ഈ നന്മയുടെ കഥ ഫറാ സൂക്ഷിച്ചു വയ്ക്കും.

Story Highlights – Destroyed memories of Gaza’s bombed Ahli Hospital